എല്ലാത്തിനും മുകളില്‍ തന്ത്രിയാണല്ലോ; തന്ത്രിയും വീഴും : വെള്ളാപ്പള്ളി നടേശൻ

ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രിക്കും പ്രതിഫലനം ഉണ്ടാകുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. റിമാൻഡിലുള്ള മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ “കുഴപ്പക്കാരനാണ്” എന്നും താൻ മുമ്പേ തന്നെ സൂചിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

“എല്ലാത്തിനും മുകളിൽ തന്ത്രി തന്നെയാണ്; തന്ത്രിയും വീഴും,” എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരർ രാജീവർക്കെതിരെ പത്മകുമാർ നൽകിയ മൊഴിയെയാണ് അദ്ദേഹം പരാമർശിച്ചത്.

ബലാത്സംഗക്കേസിൽ പ്രതിയായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ കുറിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. രാജിവെക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് രാഹുലും അദ്ദേഹത്തിന്റെ പാർട്ടിയും തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. “ജനങ്ങളിൽ രാഹുലിനുണ്ടായിരുന്ന പുണ്യാളൻ പ്രതീതി തകർന്നുവീണു. ഇതുവരെ ‘പരാതിയില്ല, കേസില്ല’ എന്നായിരുന്നു രാഹുലിന്റെ മറുപടി. ഇനി എന്ത് ചെയ്യണമെന്ന് അദ്ദേഹത്തിന്റെ മനസാക്ഷി തീരുമാനിക്കട്ടെ. ഇന്ന് അവനെ മഷി പൂശി നോക്കിയാലും കാണാനാകാത്ത അവസ്ഥയിലാണ്,” എന്നും വെള്ളാപ്പള്ളി വിമർശിച്ചു.

രാഹുലിനെ പിന്തുണച്ചവരും വിമർശിച്ചവരും കോൺഗ്രസിനകത്ത് തന്നെയുണ്ടെന്നും അതാണ് പാർട്ടിക്ക് തിരിച്ചടി വരുത്തിയതെന്നും അദ്ദേഹം ആരോപിച്ചു. “സ്വയം പ്രഗത്ഭനായി കരുതിയും കൂട്ടുകാർ വാനോളം ഉയർത്തിപ്പിടിച്ചും നടന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ തകർന്നു വീണു; അതിന് ഉത്തരവാദി അവൻ തന്നെയാണ്,” എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

“തെറ്റ് പറ്റിയെന്ന് നേരത്തേ സമ്മതിച്ച് പരിഹാരം കണ്ടിരുന്നെങ്കിൽ മതിയായിരുന്നു. തെറ്റ് ചെയ്യാത്തവർ ആരാണ്? ഇന്ന് പുണ്യാളന്മാരായി നടക്കുന്ന പല രാഷ്ട്രീയക്കാരുടെയും പഴയ ചരിത്രം പരിശോധിച്ചാൽ ഇതിലും വലിയ ‘മാങ്കൂട്ടത്ത്’ കളെ കാണാം. പക്ഷേ അനാവശ്യമായി പുണ്യാളനാകാൻ ശ്രമിച്ചതാണ് രാഹുലിന്റെ വലിയ വിനാശത്തിന് കാരണമായത്,” എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക