‘സഞ്ചാര്‍ സാഥി’ മൊബൈല്‍ ആപ് നിര്‍ബന്ധമാക്കാനുള്ള ഉത്തരവ് കേന്ദ്രം പിന്‍വലിച്ചു

കടുത്ത വിമർശനങ്ങൾ ഉയർന്നതിനെത്തുടർന്ന് സഞ്ചാർ സാഥി ആപ്പിനെക്കുറിച്ചുള്ള നിർബന്ധിത നിബന്ധനയിൽ കേന്ദ്ര സർക്കാർ യു-ടേൺ എടുത്തു. സ്മാർട്ട്ഫോണുകളിൽ ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന നിർദേശം സർക്കാർ പിന്‍വലിച്ചതായി അറിയിച്ചു. പ്രതിപക്ഷകക്ഷികളും സാങ്കേതിക വിദഗ്ധരും മൊബൈൽ ഫോൺ നിർമാതാക്കളും ശക്തമായി എതിർത്ത സാഹചര്യത്തിലാണ് ഈ പിന്‍മാറ്റം.

പുതിയ ഫോണുകളിൽ ആപ്പ് നിർബന്ധമാക്കുന്ന നിർദേശം പ്രാബല്യത്തിൽ വരുകയാണെങ്കിൽ സഹകരിക്കാൻ കഴിയില്ലെന്ന് ആപ്പിൾ വ്യക്തമാക്കിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലോകമെമ്പാടും ഇത്തരം നിർബന്ധാനുമതികളെ കമ്പനികൾ അംഗീകരിക്കാറില്ലെന്നും, ഉപഭോക്താക്കളുടെ സ്വകാര്യതയെയും iOS ഇക്കോസിസ്റ്റത്തിന്റെ സുരക്ഷയെയും അത് ബാധിക്കുമെന്നും ആപ്പിൾ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.

പാർലമെന്റിൽ കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ശക്തമായി വിഷയമുയർത്തി. പൗരന്മാരുടെ സ്വകാര്യത ലംഘിക്കുന്നതും സർക്കാരിന്റെ ചാരവൃത്തി സാധ്യമാക്കുന്നതുമാണിതെന്ന് ആരോപിച്ച് അവർ രംഗത്തെത്തിയിരുന്നു. പൊതുജനങ്ങളുടെ പ്രതികരണം വിലയിരുത്തിയ ശേഷമേ തുടര്‍നടപടിയുണ്ടാകൂവെന്ന നിലപാട് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയിൽ രാവിലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വൈകിട്ട് തന്നെ നിർദേശം പിന്‍വലിക്കുന്നതായി കേന്ദ്രം ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചു.

മറുപടി രേഖപ്പെടുത്തുക