ബ്രിട്ടാസ്, താങ്കളുടെ അകവും പുറവും ഫാഷിസ്റ്റ് വിരുദ്ധവും വർഗീയ വിരുദ്ധവുമാണ്: കെടി ജലീൽ

രാജ്യസഭയിൽ ഹിന്ദുത്വ ശക്തികളെ രൂക്ഷമായി വിമർശിക്കുന്ന പ്രതിപക്ഷ എംപിമാരിൽ മുൻനിരയിൽ നിൽക്കുന്നവരിൽ ഒരാളാണ് ജോൺ ബ്രിട്ടാസ് എന്ന് കെ. ടി. ജലീൽ എം.എൽ.എ അഭിപ്രായപ്പെട്ടു. മികച്ച പാർലമെന്റേറിയനായ ബ്രിട്ടാസിനെ അപമാനിക്കുന്നത് വളരെ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷിലും ഹിന്ദിയിലും ട്രഷറി ബെഞ്ചുകൾക്കെതിരെ കടുത്ത വിമർശനവുമായി ഉയർന്നുവരുന്ന ബ്രിട്ടാസിനെ ‘സംഘിയാക്കാൻ’ കോൺഗ്രസും ലീഗും നടത്തുന്ന ശ്രമം അത്യന്തം നന്ദികെട്ട പ്രവൃത്തിയാണെന്നും ജലീൽ ഫേസ്ബുക്കിൽ രേഖപ്പെടുത്തി.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ബ്രിട്ടാസ് പാലമാണ്
യു.ഡി.എഫ് പാരയാണ്!

രാജ്യസഭയിൽ ഹിന്ദുത്വ ശക്തികൾക്കെതിരായി യാതൊരു ദാക്ഷിണ്യവും കാട്ടാതെ രൂക്ഷമായി വിമർശിക്കുന്ന പ്രതിപക്ഷ എം.പിമാരിൽ അഞ്ചുപേരെ എടുത്താൽ അതിൽ മുൻപന്തിയിൽ നിൽക്കുന്ന മെമ്പറാണ് ജോൺ ബ്രിട്ടാസ്. ഇംഗ്ലീഷിലും ഹിന്ദിയിലും മാറിമാറി ട്രഷറി ബെഞ്ചുകൾക്കെതിരെ ആഞ്ഞടിക്കുന്ന ബ്രിട്ടാസിനെ സംഘിയാക്കാൻ കോൺഗ്രസ്സും ലീഗും നടത്തുന്ന ശ്രമം അങ്ങേയറ്റം നന്ദി കേടാണ്.

കേരളത്തിൽ നിന്നുള്ള എം.പിമാരിൽ യാതൊരു സങ്കോചവും കൂടാതെ കർണ്ണാടകയിലെ ‘ഹിജാബ്’ പ്രശ്നവും, ഗ്യാൻവാപി മസ്ജിദ് വിഷയവും, മഥുരയിലെ ഈദ്ഗാഹ് പിടിച്ചടക്കൽ ശ്രമവും, രാമക്ഷേത്ര നിർമ്മാണോൽഘാടനവും, മണിപ്പൂരിലെ കൃസ്ത്യൻ വേട്ടയും, ഉത്തരേന്ത്യയിലെ മുസ്ലിം കശാപ്പുകളും, രാജ്യസഭക്കകത്ത് പ്രകമ്പനം കൊണ്ടത് ജോൺബ്രിട്ടാസിൻ്റെ നാവിലൂടെയാണ്. ഒരുപാട് ഭാഷകൾ അറിയുന്ന ലീഗ് അംഗങ്ങൾ ”ഇ.ഡി”പ്പേടിയിൽ അഴകൊഴമ്പൻ വർത്തമാനങ്ങൾ പറഞ്ഞ് രക്ഷപ്പെടുമ്പോൾ ഭയലേശമന്യേ പൊരുതാറുള്ള മികച്ച പാർലമെൻ്റേറിയൻ ജോൺ ബ്രിട്ടാസിനെ അപമാനിക്കുന്നത് തികച്ചും അപലപനീയമാണ്.

ബജറ്റ് ചർച്ചയിലും കേരളത്തിന് നിഷേധിക്കപ്പെടുന്ന സാമ്പത്തിക സഹായത്തെക്കുറിച്ചും പദ്ധതികളെ കുറിച്ചും ചാട്ടുളിപോലെ ഭരണപക്ഷ നിരയിലേക്ക് തുളച്ചു കയറാറുള്ള ബ്രിട്ടാസ്, സമീപകാലത്ത് കേരളം കണ്ട ഏറ്റവും മികച്ച രാജ്യസഭാംഗമാണെന്നതിൽ ആർക്കെങ്കിലും സംശയമുണ്ടോ? പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും നിർമ്മല സീതാരാമൻ്റെയും മൂക്കിനു നേരെ വിരൽചൂണ്ടി ജോൺബ്രിട്ടാസ് നടത്താറുള്ള ഇടപെടലുകൾക്ക് സമാനമായ ഒരു ഇടപെടൽ ലീഗ് അംഗങ്ങളോ കോൺഗ്രസ് അംഗങ്ങളോ സഭക്കകത്ത് നടത്തിയതായി ചൂണ്ടിക്കാണിക്കാൻ ലീഗ് മുഖപത്രത്തെയും നേതാക്കളെയും വെല്ലുവിളിക്കുന്നു!

കോൺഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനങ്ങളും ഇപ്പോൾ ഭരിക്കുന്ന സംസ്ഥാനങ്ങളും, പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് ആയിരക്കണക്കിന് കോടികൾ അടിച്ചെടുത്തപ്പോൾ സാമ്പത്തികമായി ഞെരുങ്ങുന്ന കേരളത്തിന് ഒരു രൂപയും വേണ്ടെന്ന് പറയുന്നതിലെ “യുക്തി” എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. കേരളത്തിൻ്റെ പാഠപുസ്തകങ്ങളിലോ സിലബസിലോ കേന്ദ്ര സർക്കാരിനെ തൊടാൻ അനുവദിക്കില്ലെന്ന് കട്ടായം പറഞ്ഞിട്ടും പൊതുവിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ വിശ്വാസത്തിലെടുക്കാതെ കേന്ദ്രസർക്കാരിനെ മുഖവിലക്കെടുത്ത യു.ഡി.എഫിൻ്റെ ”ബി.ജെ.പി വിരോധ തൊലിക്കട്ടി” അപാരം തന്നെ.

കാശ്മീരിൻ്റെ പ്രത്യേക അവകാശം എടുത്തു കളഞ്ഞ നിയമത്തിനെതിരെയും , മുത്വലാഖ് ബില്ലിനെതിരെയും, യു.എ.പി.എ കർക്കശമാക്കി മുസ്ലിങ്ങളെ പൂട്ടാൻ ലക്ഷ്യമിട്ട് പാസ്സാക്കിയ കരിനിയമത്തിനെതിരെയും, വഖഫ് ഭൂമി ചുളുവിൽ തട്ടിയെടുക്കാൻ കൊണ്ടു വന്ന കാടൻ വ്യവസ്ഥകൾക്കെതിരെയും രാജ്യസഭക്കകത്ത് മുഴങ്ങിക്കേട്ട ശബ്ദം ജോൺ ബ്രിട്ടാസിൻ്റേതാണ്. സേട്ടു സാഹിബിനും ബനാത്ത് വാലക്കും ശേഷം പാർലമെൻ്റിനകത്ത് ഒന്നു പിടയാൻ പോലും നോക്കാതെ ബി.ജെ.പിയുടെ കണ്ണുരുട്ടലിന് മുന്നിൽ മുട്ടുമടക്കി നിലത്ത് ഇഴയുന്ന ലീഗ്, സംഘ്പരിവാറിനെതിരെ ആഞ്ഞടിക്കുന്ന ബ്രിട്ടാസിനെ സംഘിയാക്കുന്നത് തികഞ്ഞ ആത്മവഞ്ചനയാണ്.

ലീഗിന് പലകാരണങ്ങൾ കൊണ്ട് കഴിയാത്തത് മറ്റുള്ളവർക്ക് സാധ്യമാകുമ്പോൾ ഉണ്ടാകുന്ന ഈർഷ്യയല്ലാതെ മറ്റെന്താണ് ലീഗിൻ്റെ ”ബ്രിട്ടാസ് വിരുദ്ധ മാല”ക്കു പിന്നിലുള്ളത്? ന്യൂനപക്ഷങ്ങളെ നെഞ്ചോട് ചേർത്തു വെക്കുന്നവരോട് നന്ദിവാക്കു പറയാനായില്ലെങ്കിൽ അപഹസിക്കാതിരിക്കാനെങ്കിലും ബന്ധപ്പെട്ട സമുദായ നേതാക്കൾ സന്മനസ്സ് കാട്ടണ്ടെ?

കേരളത്തിൽ നിന്നുള്ള UDF എം.പിമാർ സംസ്ഥാന താൽപര്യങ്ങൾക്ക് പാരകൾ തീർക്കുമ്പോൾ, ബ്രിട്ടാസ് അടക്കമുള്ള ഇടതു എം.പിമാർ നമുക്കായി പാലം പണിയുന്നത് കാണുമ്പോൾ കുരു പൊട്ടുന്നവരുടെ കുരുക്കൾ യഥേഷ്ടം പൊട്ടിയൊലിക്കട്ടെ. സാർത്ഥവാഹക സംഘം ബ്രിട്ടാസിൻ്റെ നേതൃത്വത്തൽ മുന്നോട്ടു മുന്നോട്ടു ഗമിക്കട്ടെ. മിസ്റ്റർ ബ്രിട്ടാസ് താങ്കളെ ഞങ്ങൾക്കറിയാം. താങ്കളുടെ അകവും പുറവും ഫാഷിസ്റ്റ് വിരുദ്ധവും വർഗീയ വിരുദ്ധവുമാണ്. മണ്ണും മനുഷ്യനും ഉള്ള കാലത്തോളം അങ്ങയോടു ഞങ്ങൾ കടപ്പെട്ടിരിക്കും. സലാം ബ്രിട്ടാസ്, സലാം.

മറുപടി രേഖപ്പെടുത്തുക