ഇൻഡിഗോ നേരിടുന്ന പ്രതിസന്ധിയെ മുതലെടുത്ത് മറ്റ് വിമാനക്കമ്പനികൾ യാത്രക്കാരെ കനത്ത ചൂഷണത്തിന് ഇരയാക്കുന്നുവെന്നാരോപണം ഉയരുന്നു. നിരവധി റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകൾ വിമാനക്കമ്പനികൾ കുത്തനെ വർധിപ്പിച്ചിരിക്കുകയാണ്.
ഡൽഹി–കൊച്ചി റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് 45,000 രൂപയായും ഡൽഹി–തിരുവനന്തപുരം റൂട്ടിൽ 48,000 രൂപയായും ഉയർത്തിയിട്ടുണ്ട്. സമാനമായ രീതിയിൽ തന്നെ മറ്റ് നഗരങ്ങളിലേക്കുള്ള ടിക്കറ്റുകളും സാധാരണ നിരക്കിന്റെ ഇരട്ടിയിലധികം വർധിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
ഇന്ന് ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകളൊന്നും ഇല്ല. നാളത്തെ (ശനിയാഴ്ച) യാത്രകൾക്കായി എയർ ഇന്ത്യ 62,000 രൂപയും എയർ ഇന്ത്യ എക്സ്പ്രസ് 45,000 രൂപയും ഈടാക്കുന്നുണ്ട്. ഇന്നത്തെ ഡൽഹി–തിരുവനന്തപുരം സർവീസിനും എയർ ഇന്ത്യ എക്സ്പ്രസ് 48,000 രൂപയാണ് നിരക്ക്.
ക്രൂ ഡ്യൂട്ടി ടൈം ചട്ടം നവംബർ 1 മുതൽ കർശനമായി നടപ്പാക്കിയതോടെ പൈലറ്റുമാരുടെ വിശ്രമസമയം വർധിക്കുകയും, ഇതോടെ പൈലറ്റുകളുടെ ലഭ്യത കുറഞ്ഞതുമാണ് ഇൻഡിഗോക്ക് തിരിച്ചടിയായതെന്ന് സൂചന. ചട്ടം നടപ്പാക്കുന്നതിൽ കമ്പനികൾ വീഴ്ച വരുത്തിയതാണെന്ന് പൈലറ്റുമാരുടെ സംഘടനകളും ആരോപിക്കുന്നു.
മൂന്നു ദിവസത്തിനിടെ ഡൽഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ് തുടങ്ങി വിവിധ നഗരങ്ങളിൽ നിന്നുള്ള ഏകദേശം 550 സർവീസുകൾ റദ്ദാക്കിയതോടെ യാത്രക്കാർ വലിയ പ്രതിസന്ധിയിലാണ്.
