ഡൽഹിയിലെ വായുമലിനീകരണം അതിരൂക്ഷം; വിമാന സർവീസുകളെയും ബാധിക്കുന്നു

തലസ്ഥാനത്ത് വായുമലിനീകരണം ഗുരുതര നിലയിലെത്തി. നിലവിലെ കണക്കുകള്‍ പ്രകാരം പല പ്രദേശങ്ങളിലും വായുഗുണനിലവാര സൂചിക (AQI) 500ന് സമീപമാണ്. ഡല്‍ഹി ഉള്‍പ്പെടെയുള്ള സമീപ മേഖലകളില്‍ തിങ്കളാഴ്ച രാവിലെയും കനത്ത പുകമഞ്ഞ് തുടരുകയാണ്.

സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ തിങ്കളാഴ്ച രാവിലെ 6 മണിയ്ക്കുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ഡല്‍ഹിയിലെ AQI 456 ആയി. ഞായറാഴ്ച ഇത് 461 ആയിരുന്നു. ഇത് ഡിസംബര്‍ മാസത്തിലെ രണ്ടാമത്തെ ഏറ്റവും മോശം വായുഗുണനിലവാരമായിരുന്നു. ലാജ്പത് നഗര്‍, മുഡ്ക, ജഹാശീര്‍പുരി തുടങ്ങിയ പ്രദേശങ്ങളില്‍ യഥാക്രമം 499, 498, 500 എന്നിങ്ങനെയാണ് AQI രേഖപ്പെടുത്തിയിരിക്കുന്നത്. നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മലിനീകരണം അതിരൂക്ഷമായ നിലയിലാണ്. പുകമഞ്ഞ് തുടരുന്ന സാഹചര്യത്തില്‍ ഇന്നും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത പുകമഞ്ഞ് വിമാന സര്‍വീസുകളെയും ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട 110 വിമാനങ്ങള്‍ വൈകിയതായും, 37 വിമാനങ്ങളുടെ വരവും താമസിച്ചതായും ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ് റഡാര്‍24 അറിയിച്ചു. തുടര്‍ന്ന് വിമാന സര്‍വീസുകളില്‍ തടസ്സം നേരിടാന്‍ സാധ്യതയുണ്ടെന്ന് യാത്രക്കാരെ ഡല്‍ഹി വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക