ധര്‍മസ്ഥല: കര്‍ണാടകയിലെ ധര്‍മസ്ഥലയിൽ 2003-ല്‍ കാണാതായ അനന്യ ഭട്ടിന്റെ തിരോധാനം നുണക്കഥയാണെന്ന് അനന്യ ഭട്ടിന്റെ അമ്മയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സുജാത ഭട്ട്. തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെ ചെയ്തതെന്നും സുജാത ഭട്ട്.
കര്‍ണ്ണാടകയിലെ ധര്‍മസ്ഥലയിലെ ദൂരൂഹമരണങ്ങളുമായി ബന്ധപ്പെട്ട കേസ് സങ്കീര്‍ണമാകുന്നു. അരക്കോടിയിലേറെ രൂപ ചെലവിട്ട് നേത്രാവതി നദിക്കരയില്‍ കുഴിച്ചിട്ട് ഒന്നും കിട്ടിയില്ലെന്നും അതിനാല്‍ വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണത്തൊഴിലാളിയെ അറസ്റ്റ്‌ചെയ്യണമെന്നും ആവശ്യപ്പെട്ട് ചിലര്‍ രംഗത്തെത്തിയിരുന്നു.
“ഗിരീഷ് മട്ടന്നവറും ടി. ജയന്തും പറഞ്ഞതുകൊണ്ടാണ് താന്‍ കള്ളം പറഞ്ഞത്. ദയവായി എന്നോട് ക്ഷമിക്കണം, എനിക്കൊരു തെറ്റുപറ്റി. ധര്‍മസ്ഥലയോടും കര്‍ണാടകയിലെ ജനങ്ങളോടും രാജ്യത്തെ ജനങ്ങളോടും താന്‍ ക്ഷമ ചോദിക്കുന്നു. ഈ വിവാദം അവസാനിപ്പിച്ച് സമാധാനപരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ജനങ്ങളോട് ഞാന്‍ കള്ളം പറഞ്ഞു. ദയവായി ഈ വിവാദത്തില്‍ നിന്ന് ഒഴിവാക്കണം.”- ഇവര്‍ പറഞ്ഞു.
സുജാതയ്ക്ക് മകളില്ലെന്നും വാസ്തവിരുദ്ധമായ കാര്യങ്ങളാണ് അവര്‍ പറയുന്നതെന്നും സഹോദരന്‍ പറഞ്ഞു. അവര്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട് വിട്ട് പോയതാണ്. നാല്‍പ്പത് വര്‍ഷത്തിനിടയില്‍ അത്യപൂര്‍വ്വമായി ഞങ്ങളെ സന്ദര്‍ശിച്ചിട്ടുണ്ട്. കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. ഒരു വര്‍ഷത്തിന് മുന്‍പ് വീട്ടില്‍ വന്നു. ബെംഗളൂരുവിലാണ് താമസമെന്നും ഇപ്പോള്‍ കോടീശ്വരിയാണെന്നും പറഞ്ഞു. അപ്പോള്‍ പോലും മകളെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍, കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) സുജാത ഭട്ടിന് നോട്ടീസ് നല്‍കിയിരുന്നു. ബെല്‍ത്തങ്ങാടിയിലെ എസ്‌ഐടി ഓഫീസില്‍ ഹാജരാകാനും മകള്‍ അനന്യ ഭട്ടുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാനും എസ്‌ഐടി അവരോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍.