പലസ്തീൻ സിനിമകൾക്ക് അനുമതി നിഷേധിച്ചതിലൂടെ ഈ വിഷയത്തിലുള്ള കേന്ദ്രനിലപാട് ഒരിക്കൽ കൂടി വ്യക്തമായി: മുഖ്യമന്ത്രി

അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഐഎഫ്എഫ്കെയെ (IFFK) ഞെരിച്ചുകൊല്ലാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ മേള കേരളത്തിൽ തന്നെ തുടരുമെന്ന് ഉറപ്പിച്ച് പറയുന്നതായും അദ്ദേഹം വ്യക്തമാക്കി. ഐഎഫ്എഫ്കെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റങ്ങൾക്ക് മുന്നിൽ സംസ്ഥാന സർക്കാർ ഒരിക്കലും മുട്ടുമടക്കില്ലെന്നും, ഏത് കലാകാരന്മാർ വരണം എന്നതിൽ പോലും കേന്ദ്ര സർക്കാർ ഇടപെടുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ ഇത്തരം നിലപാടുകൾ രാജ്യത്തെ ലോകത്തിനു മുന്നിൽ നാണംകെടുത്തുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇത്തവണത്തെ മേളയുമായി ബന്ധപ്പെട്ട് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അസാധാരണമായ പ്രതിസന്ധികളാണ് സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് 13 സിനിമകൾക്ക് സെൻസർ ഇളവ് ലഭിച്ചെങ്കിലും ആറു സിനിമകൾക്ക് ഇപ്പോഴും പ്രദർശനാനുമതി നിഷേധിച്ച നിലയിലാണ്. ‘ബീഫ്’ എന്ന സ്പാനിഷ് സിനിമയ്ക്ക് അനുമതി നിഷേധിച്ച നടപടിയെ പരിഹസിച്ച മുഖ്യമന്ത്രി, സിനിമയുടെ പേരിൽ ‘ബീഫ്’ എന്ന് കണ്ടയുടൻ എതിര്‍ത്തവർക്ക് അത് ഭക്ഷണത്തെക്കുറിച്ചുള്ള സിനിമയല്ലെന്ന് പിന്നീട് മാത്രമാണ് മനസ്സിലായതെന്നും പറഞ്ഞു. പലസ്തീൻ സിനിമകൾക്ക് അനുമതി നിഷേധിച്ചതിലൂടെ ഈ വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട് ഒരിക്കൽ കൂടി വ്യക്തമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന മേളയായ ഐഎഫ്എഫ്കെ, മറ്റ് ചലച്ചിത്രമേളകളിൽ നിന്ന് വ്യത്യസ്തമാണെന്നും അതിജീവനത്തിനായി പോരാടുന്ന മൂന്നാംലോക രാജ്യങ്ങളിലെ സിനിമകൾക്ക് ഇവിടെ പ്രാധാന്യം നൽകുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വർഗീയതയ്ക്ക് കേരളത്തിന്റെ സാംസ്കാരിക ഇടം വിട്ടുകൊടുക്കാനാകില്ലെന്നും അതിനെതിരെ ഒരുമിച്ച് പ്രതിരോധം തീർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തങ്ങൾക്ക് ഇഷ്ടമല്ലാത്തത് മറ്റുള്ളവർ കാണേണ്ടതില്ലെന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും, സാംസ്കാരിക പോരാട്ടങ്ങളിൽ സർക്കാർ കലാകാരന്മാർക്കൊപ്പം നിലകൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക