ഖാലിദ് റഹ്‌മാനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവന്നു. ഷെരീഫ് മുഹമ്മദിന്റെ ക്യൂബ്‌സ് എന്റർടെയിൻമെന്റാണ് ഔദ്യോഗിക പ്രഖ്യാപനവുമായി രംഗത്തെത്തിയത്. മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഖാലിദ് റഹ്‌മാൻ ചിത്രമാണ് തങ്ങളുടെ പുതിയ സംരംഭമെന്ന് ക്യൂബ്‌സ് എന്റർടെയിൻമെന്റ് അറിയിച്ചതോടെ സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും വലിയ ശ്രദ്ധയാണ് നേടുന്നത്.
പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ‘മാർക്കോ’, നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന ‘കാട്ടാളൻ’ എന്നിവയ്ക്ക് ശേഷം ക്യൂബ്‌സ് എന്റർടെയിൻമെന്റ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. നിയോഗ്, സുഹാസ്, ഷർഫു എന്നിവർ ചേർന്ന് രചന നിർവഹിക്കുന്ന ഈ ചിത്രം മമ്മൂട്ടി എന്ന നടനോടും താരത്തോടും ഉള്ള ആദരസൂചകമായാണ് ഒരുക്കുന്നത്.
ഓരോ കഥാപാത്രത്തിലൂടെയും വേഷപ്പകർച്ചകളിലൂടെയും പ്രേക്ഷകരെ അതിശയിപ്പിക്കുന്ന മമ്മൂട്ടി, പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളായ ഖാലിദ് റഹ്‌മാനൊപ്പം വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വാനോളം ഉയരുകയാണ്. മലയാളത്തിലും മലയാളത്തിന് പുറത്തുമുള്ള നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
2026ൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് മാസ്സ് എന്റർടെയ്‌നർ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഇന്ത്യൻ സിനിമയിലെ പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുക എന്നതും ശ്രദ്ധേയമാണ്.
