ബേപ്പൂരില്‍ പി വി അന്‍വറിന് വേണ്ടി ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തെത്തി. മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് ബേപ്പൂരിലും പാലക്കാട് പട്ടാമ്പിയിലും അന്‍വറിന്റെ ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നതെന്ന വിവരമാണ് പുറത്തുവരുന്നത്.
1982 മുതല്‍ എല്‍ഡിഎഫിന്റെ കുത്തകയായ ബേപ്പൂര്‍ മണ്ഡലത്തിലാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സിറ്റിംഗ് സീറ്റിലേക്കും മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് പി വി അന്‍വര്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ രണ്ട് ദിവസം മുമ്പ് തന്നെ മണ്ഡലത്തില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു.
യുഡിഎഫിന്റെ ഘടകകക്ഷിയാകുന്നതിന് മുമ്പുതന്നെ അന്‍വറിന് അനുകൂലമായ ഫ്ലക്സുകളും പോസ്റ്ററുകളും ഉയര്‍ന്നുവെന്നതും ശ്രദ്ധേയമാണ്. പി വി അന്‍വറിനെ ബേപ്പൂരില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം മുസ്ലിം ലീഗ് ഉന്നയിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പും ശക്തമായിരിക്കുന്നത്.
