ശബരിമല പഞ്ചലോഹ വിഗ്രഹക്കടത്ത്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ

2019-20 കാലയളവിൽ ശബരിമലയിൽ നടന്ന പഞ്ചലോഹ വിഗ്രഹക്കടത്തിൽ പണം കൈപ്പറ്റിയ ‘ഉന്നതൻ’ ആരെന്നു കണ്ടെത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ഹൈന്ദവ വിശ്വാസികളോട് ചെയ്ത ഈ കൊടുംവഞ്ചനയ്ക്ക് പിണറായി സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സ്വർണ്ണക്കൊള്ളയും വിഗ്രഹക്കടത്തും അത്യന്തം ഗൗരവകരമായ സംഭവങ്ങളാണെന്നും, 2019-20 കാലഘട്ടത്തിൽ മാത്രം നാല് പഞ്ചലോഹ വിഗ്രഹങ്ങൾ അവിടെ നിന്നു കടത്തപ്പെട്ടുവെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. ഇടത്-വലത് മുന്നണികളുടെ മാറിമാറിയ ഭരണകാലത്ത് ക്ഷേത്രഭരണം സുതാര്യതയില്ലാത്തതും സുരക്ഷാ വീഴ്ചകൾ നിറഞ്ഞതുമാണ്‌ സംഭവിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ബന്ധങ്ങളുള്ള വലിയ കള്ളക്കടത്ത് സംഘങ്ങളാണ് ഈ കുറ്റകൃത്യങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള പൊലീസിന്റെ നിലവിലെ അന്വേഷണം മാത്രം സത്യം പുറത്തെടുക്കാൻ മതിയാകില്ലാത്തതിനാൽ, സിബിഐ (CBI) അന്വേഷണം അനിവാര്യമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്തിയ ഈ കൊള്ളയ്ക്ക് കൂട്ടുനിന്ന മുഴുവൻ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക