കൊച്ചി മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടി തീരുമാനം അന്തിമമാണെന്ന് എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാൽ വ്യക്തമാക്കി. ദീപ്തി മേരി വർഗീസ് ഏറെക്കാലമായി പാർട്ടിയിൽ സജീവമായ നേതാവാണെന്നും, നിലവിലെ സാഹചര്യത്തിൽ അവർക്കു വിഷമം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
മേയർ സ്ഥാനത്തേക്കുള്ള ആഗ്രഹം പ്രകടിപ്പിച്ചതിൽ തെറ്റൊന്നുമില്ലെന്നും, അതിനെക്കുറിച്ച് അസ്വസ്ഥത പ്രകടിപ്പിച്ചാലും കുറ്റപ്പെടുത്താനാവില്ലെന്നും വേണുഗോപാൽ പറഞ്ഞു. എന്നാൽ പാർട്ടി എടുത്ത തീരുമാനം അന്തിമമാണെന്നും, ദീപ്തി മേരി വർഗീസ് അത് അംഗീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ എന്തെങ്കിലും അപാകതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ പാർട്ടി വേദികളിൽ ചർച്ച ചെയ്യുമെന്നും, ആരോടും കടുത്ത നിലപാട് സ്വീകരിക്കുന്ന രീതിയല്ല പാർട്ടിയുടേതെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
കേരള രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും കെ സി വേണുഗോപാൽ മറുപടി നൽകി. താൻ കേരളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരാളല്ലെന്നും, പാർട്ടിയെ അധികാരത്തിൽ എത്തിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തന്നെക്കൊണ്ട് കഴിയുന്ന പരമാവധി പ്രവർത്തനം നടത്തുമെന്നും, വിമർശനം ചിലർക്കൊരു പതിവ് മാത്രമാണെന്നും കെ സി പറഞ്ഞു. പാർട്ടിയെ വിജയത്തിലേക്ക് നയിക്കാൻ എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് താൻ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
