ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി ചോദ്യം ചെയ്ത ഡി മണിയും സംഘവും കേരളത്തിൽ ലക്ഷ്യമിട്ടത് ഏകദേശം ആയിരം കോടി രൂപയുടെ ഇടപാടുകളാണെന്ന് നിർണ്ണായക മൊഴി. ശബരിമലയ്ക്ക് പുറമെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും സംഘം പദ്ധതിയിട്ടിരുന്നുവെന്ന് ഒരു പ്രവാസി വ്യവസായി അന്വേഷണ സംഘത്തിന് മൊഴി നൽകി. എന്നാൽ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഇടപാട് പിന്നീട് മുടങ്ങിയതായും മൊഴിയിൽ പറയുന്നു.
2017 മുതൽ 2023 വരെ മാസ്റ്റർ പ്ലാനോടെയാണ് ഡി മണിയും സംഘവും കേരളത്തിൽ വിവിധ ഇടപാടുകൾ ലക്ഷ്യമിട്ടതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ശബരിമലയും ഉപക്ഷേത്രങ്ങളും ഉൾപ്പെടെ മറ്റ് ചില പ്രധാന ക്ഷേത്രങ്ങളിലേക്കും സംഘത്തിന്റെ ശ്രദ്ധ ഉണ്ടായിരുന്നതായാണ് വിവരം. ഈ വിവരങ്ങളെല്ലാം സമഗ്രമായി വിലയിരുത്താനാണ് അന്വേഷണ സംഘം നീക്കം ആരംഭിച്ചിരിക്കുന്നത്. കേസുമായി ബന്ധമുള്ള മറ്റ് വ്യക്തികളെക്കുറിച്ചും എസ്ഐടി വിവരശേഖരണം നടത്തിവരികയാണ്.
ഡിണ്ടിഗൽ സ്വദേശി ബാലമുരുകനെന്ന ഡി മണിയെ ചെന്നൈയിൽ നിന്നാണ് എസ്ഐടി കണ്ടെത്തിയത്. ശബരിമലയിൽ നിന്ന് സ്വർണ്ണവും പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയതിനു പിന്നിൽ ചെന്നൈ സ്വദേശിയായ വിഗ്രഹക്കടത്ത് സംഘത്തിന്റെ തലവൻ മണിയാണെന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി. കഴിഞ്ഞ ദിവസങ്ങളിലായി ഡി മണിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.
ശബരിമല സ്വർണ്ണക്കൊള്ള നടന്ന സമയത്ത് ഡി മണി തിരുവനന്തപുരത്തെത്തി ശബരിമലയിലെ ഉന്നതരുമായി ഇടപാടുകൾ നടത്തിയിരുന്നുവെന്നും മൊഴിയിലുണ്ട്. 2020 ഒക്ടോബർ 20ന് പണം കൈമാറ്റം നടന്നതായും, ശബരിമലയിലെ ഒരു ഉന്നതനും ഉണ്ണികൃഷ്ണൻ പോറ്റിയും ഡി മണിയും മാത്രമാണ് ആ ഇടപാടിൽ പങ്കെടുത്തതെന്നുമാണ് പ്രവാസി വ്യവസായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.
