ന്യൂയോർക്ക്: ഗാസയെ അമേരിക്കയുടെ മേൽനോട്ടത്തിൽ പുനസൃഷ്ടിക്കാനെന്ന രീതിയിൽ അവതരിപ്പിച്ച ഗാസ റിവിയേരയുടെ വിവരങ്ങൾ പുറത്തായി. പിന്നാലെ വൻ വിമർശനം. ലക്ഷക്കണക്കിന് ആളുകളെ തുടച്ച് നീക്കിയാണ് ഗാസയിൽ യുദ്ധ ശേഷം പുത്തൻ നഗരമാക്കാനുള്ള പദ്ധതിയിടുന്നതെന്നാണ് രൂക്ഷമാവുന്ന വിമർശനം. ഞായറാഴ്ചയാണ് 38 പേജുകൾ വരുന്ന ആർട്ടിഫീഷ്യൽ ഇൻറലിജൻസ് സഹായത്തോടെ നിർമ്മിതമായ ഗാസ റിവിയേരയുടെ വിവരങ്ങൾ വാഷിംഗ്ടൺ പോസ്റ്റ് പുറത്ത് വിട്ടത്. യുദ്ധത്തിന് ശേഷം ട്രംപിന്റെ മേൽനോട്ടത്തിൽ ഗാസയെ പുനസൃഷ്ടിക്കാനുള്ള പദ്ധതിയാണ് ഗാസ റിവിയേരയെ വിശേഷിപ്പിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ പരിഗണനയിലുള്ള പദ്ധതിയെന്ന പേരിലാണ് വിവരങ്ങൾ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. ഡിജിറ്റൽ ടോക്കൺ നൽകി ലക്ഷക്കണക്കിന് ആളുകളെ ഇവിടേക്ക് മാറ്റിപ്പാർപ്പിക്കാനാണ് പദ്ധതി. സ്മാർട് സിറ്റികൾ ആയാവും ഗാസ റിവിയേരയെ വിഭാവനം ചെയ്തിട്ടുള്ളത്. യുദ്ധശേഷമുള്ള ഗാസയുടെ അവസ്ഥയേക്കുറിച്ചുള്ള ആശങ്കകൾക്ക് ഊന്നൽ നൽകുന്നതാണ് നിലവിൽ പുറത്ത് വന്നിട്ടുള്ള പദ്ധതി. ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന് പിന്നിലുള്ള ഇസ്രയേലുകാരാണ് ഈ പദ്ധതിക്ക് പിന്നിലെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് ആരോപിക്കുന്നത്. എന്നാൽ പദ്ധതി പരിഗണനയിൽ ഉള്ളതാണോയെന്നതിൽ വൈറ്റ് ഹൗസോ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റോ പ്രതികരിച്ചിട്ടില്ല.
പദ്ധതി അനുസരിച്ച് ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്ന ഗാസറി റിവിയേര പത്ത് വർഷത്തോളം അമേരിക്കയുടെ മേൽനോട്ടത്തിലാകും നിയന്ത്രിക്കപ്പെടുക. ധ്രുവീകൃതമല്ലാത്ത പലസ്തീൻ രാഷ്ട്രീയ നേതൃത്വം എത്തുന്നത് വരെയെന്നാണ് ഈ മേൽനോട്ടം കൊണ്ടുള്ള പദ്ധതി. 2023 ഒക്ടോബർ 7 ന് ശേഷം 60000 ത്തിലേറെ പലസ്തീനുകാർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് കിടപ്പാടം അടക്കം നഷ്ടമാവുകയും ചെയ്ത ഗാസ മുനമ്പിനെ വിനോദ സഞ്ചാര സാങ്കേതിക വിദ്യാ കേന്ദ്രവുമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് അവതരിപ്പിക്കപ്പെട്ട പദ്ധതി. ഗാസ റീ കൺസ്റ്റിറ്റ്യൂഷൻ, ഇക്കണോമിക് ആക്സലറേഷൻ ആൻഡ് ട്രാസ്ഫർമേഷൻ ട്രസ്റ്റ് അഥവാ ഗ്രേറ്റ് ട്രസ്റ്റിന് കീഴിലാണ് ഗാസയുടെ പുനസൃഷ്ടിക്ക് പദ്ധതിയൊരുങ്ങുന്നത്. രൂക്ഷമായ വിമർശനമാണ് പുറത്ത് വന്ന പദ്ധതി വിവരങ്ങളേക്കുറിച്ച് ഉയരുന്നത്.