പാലാ നഗരസഭയിൽ പുളിക്കക്കണ്ടം കുടുംബത്തിന്റെ പിന്തുണ യുഡിഎഫിന്. ഇതോടെ നഗരസഭയുടെ ഭരണം യുഡിഎഫിന് ഉറപ്പായി. ആദ്യ ടേമിൽ ബിനു പുളിക്കക്കണ്ടത്തിന്റെ മകൾ ദിയ പുളിക്കക്കണ്ടം ചെയർപേഴ്‌സണാകുമെന്നും, കോൺഗ്രസ് വിമതയായ മായ രാഹുൽ വൈസ് ചെയർപേഴ്‌സണാകുമെന്നും ധാരണയായി. ഇതോടെ നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായി കേരള കോൺഗ്രസ് (എം) പ്രതിപക്ഷ സ്ഥാനത്തേക്ക് മാറുന്ന സാഹചര്യമുണ്ടാകും. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുൻസിപ്പൽ ചെയർപേഴ്‌സണാണ് ദിയ പുളിക്കക്കണ്ടം.
അവസാന മണിക്കൂർ വരെ ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തിൽ പുളിക്കക്കണ്ടം കുടുംബം നിലപാട് വ്യക്തമാക്കിയിരുന്നില്ല. 26 അംഗ നഗരസഭയിൽ രണ്ട് അംഗങ്ങളുടെ പിന്തുണ ലഭിച്ചാൽ എൽഡിഎഫിന് ഭരണം നേടാൻ സാധിക്കുമായിരുന്നു. പാലാ നഗരസഭ ആര് ഭരിക്കുമെന്നതിൽ പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് അംഗങ്ങളുടെ നിലപാടാണ് നിർണായകമായത്.
എൽഡിഎഫും യുഡിഎഫും കുടുംബവുമായി ചർച്ചകൾ നടത്തിയിരുന്നു. നഗരസഭയിൽ ആരോടൊപ്പം നിൽക്കുമെന്ന് ഇന്ന് വ്യക്തമാക്കുമെന്ന് പുളിക്കക്കണ്ടം കുടുംബം അറിയിച്ചിരുന്നു. പാലാ നഗരസഭയിൽ സ്വതന്ത്രരായി വിജയിച്ച ബിനു പുളിക്കക്കണ്ടം, മകൾ ദിയ പുളിക്കക്കണ്ടം, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവർ ചേർന്നാണ് ഈ നിർണായക പിന്തുണ നൽകിയത്.
ദിയ പുളിക്കക്കണ്ടത്തിന് ചെയർപേഴ്‌സൺ സ്ഥാനം നൽകണമെന്നതായിരുന്നു കുടുംബത്തിന്റെ പ്രധാന ആവശ്യം. ഈ മൂന്ന് പേരുടെയും പിന്തുണ ഇല്ലാതെ ഒരു മുന്നണിക്കും ഭരണം നേടാൻ സാധിക്കാത്ത അവസ്ഥയായിരുന്നു പാലാ നഗരസഭയിൽ.
