ഇന്ത്യൻ സൈനികർക്ക് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്

സൈനികർക്കും ഓഫീസർമാർക്കും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ഇന്ത്യൻ സൈന്യം. പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം സൈനികർക്ക് ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും, ഇത് കാണലിനും നിരീക്ഷണത്തിനുമായി മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങൾ പോസ്റ്റ് ചെയ്യുക, കമന്റ് ചെയ്യുക, ലൈക്ക് ചെയ്യുക എന്നിവയ്ക്ക് അനുമതിയില്ലെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഈ സമീപനത്തെ സേന “പാസീവ് പാർട്ടിസിപ്പേഷൻ” എന്നാണു വിശേഷിപ്പിക്കുന്നത്.

സൈനികർക്കിടയിൽ വിവരസാങ്കേതിക അവബോധം വർധിപ്പിക്കുകയാണ് ഇളവിന്റെ ലക്ഷ്യം. സോഷ്യൽ മീഡിയയിൽ വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കാൻ ഇതുവഴി സാധിക്കും. യൂണിഫോമിലുള്ള ചിത്രങ്ങളോ സൈനിക കേന്ദ്രങ്ങളുടെ ദൃശ്യങ്ങളോ ഏതെങ്കിലും സാഹചര്യത്തിൽ പങ്കുവെക്കരുതെന്നും, വി.പി.എൻ ഉപയോഗിച്ചുള്ള സോഷ്യൽ മീഡിയ പ്രവേശനം പൂർണമായും നിരോധിച്ചിട്ടുണ്ടെന്നും നിർദ്ദേശങ്ങളിലുണ്ട്.

വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായി സേന പ്രത്യേക മാർഗനിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വാട്ട്‌സ്ആപ്പ്, സ്കൈപ്പ് എന്നിവയിൽ പൊതുവായ വിവരങ്ങൾ കൈമാറാൻ അനുമതിയുണ്ടെങ്കിലും, ടെലഗ്രാം, സിഗ്നൽ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പരിചിതരായ ആളുകളുമായി മാത്രം ആശയവിനിമയം നടത്താം. സന്ദേശം സ്വീകരിക്കുന്ന വ്യക്തിയെ കൃത്യമായി തിരിച്ചറിയാനുള്ള ഉത്തരവാദിത്വം സൈനികനാണെന്നും നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു.

യൂട്യൂബ്, എക്സ് (ട്വിറ്റർ), ക്വോറ എന്നിവയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ അനുമതിയുണ്ടെങ്കിലും, സ്വന്തം നിലയിൽ ഉള്ളടക്കങ്ങളോ സന്ദേശങ്ങളോ അപ്‌ലോഡ് ചെയ്യാൻ പാടില്ല. ലിങ്ക്ഡ്ഇനിൽ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ബയോഡാറ്റ അപ്‌ലോഡ് ചെയ്യാൻ മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക