ഓസ്ട്രേലിയൻ മണ്ണിൽ ഇംഗ്ലണ്ടിന് ചരിത്ര വിജയം; 15 വർഷത്തെ കാത്തിരിപ്പിന് അവസാനം

ആഷസ് പരമ്പര ഓസ്‌ട്രേലിയയോട് തോറ്റ ഇംഗ്ലണ്ട് ഒടുവിൽ തങ്ങളുടെ അഭിമാനം തിരിച്ചുപിടിച്ചു. മെൽബണിൽ നടന്ന നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് 4 വിക്കറ്റിന് വിജയിച്ചു. ഓസ്‌ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റ് മത്സരം ജയിക്കാനുള്ള 15 വർഷത്തെ കാത്തിരിപ്പിന് ഈ വിജയം വിരാമമിട്ടു.

പേസർമാരുടെ പറുദീസയായി മാറിയ പിച്ചിൽ വെറും രണ്ട് ദിവസത്തിനുള്ളിൽ ഈ ബോക്‌സിംഗ് ഡേ ടെസ്റ്റ് പൂർത്തിയാക്കി എന്നത് ശ്രദ്ധേയമാണ്. ഈ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു. ജോഷ് ടോങ്ങിന്റെ (5 വിക്കറ്റ്) പ്രഹരത്തിൽ ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സിൽ 152 റൺസിന് തകർന്നു. തുടർന്ന്, ഇംഗ്ലണ്ട് ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ, ഓസ്‌ട്രേലിയൻ ബൗളർമാർ അവരെ തകർത്തു.

നെസറിന്റെയും ബൊളണ്ടിന്റെയും ആഘാതത്തിൽ ഇംഗ്ലീഷ് ടീം 110 റൺസിന് ഓൾ ഔട്ടായി, ഓസ്‌ട്രേലിയയ്ക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ് 42 റൺസ്. കളിയുടെ രണ്ടാം ദിവസം ഇംഗ്ലണ്ട് ബൗളർമാർ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. രണ്ടാം ഇന്നിംഗ്സിൽ ബ്രൈഡൺ കാർസെ (4/34), ബെൻ സ്റ്റോക്സ് (3/24) എന്നിവർ ഓസ്ട്രേലിയയെ 132 റൺസിന് പുറത്താക്കി, ഇംഗ്ലണ്ടിന് 175 റൺസിന്റെ വിജയലക്ഷ്യം വെച്ചു.

എളുപ്പമുള്ള ലക്ഷ്യവുമായി മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ട്, ഓപ്പണർമാരായ ബെൻ ഡക്കറ്റ് (34), ജാക്ക് ക്രാളി (37) എന്നിവർ ചേർന്ന് മികച്ച തുടക്കം നൽകി. മധ്യനിരയിൽ കുറച്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും, ജേക്കബ് ബെഥേൽ (40) സംയമനത്തോടെ കളിച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഓസ്ട്രേലിയ ഇതിനകം 3-0 ന് പരമ്പര സ്വന്തമാക്കിയിരുന്നു, ഈ വിജയം ഇംഗ്ലണ്ടിന് അൽപ്പം ആശ്വാസം നൽകി. 18 ടെസ്റ്റുകൾക്ക് ശേഷം ജോ റൂട്ടിനും 13 ടെസ്റ്റുകൾക്ക് ശേഷം ബെൻ സ്റ്റോക്സിനും ഓസ്ട്രേലിയയിൽ ലഭിക്കുന്ന ആദ്യ വിജയമാണിത്. ഇരു ടീമുകളും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് ജനുവരി 4 ന് സിഡ്നിയിൽ ആരംഭിക്കും.

സംക്ഷിപ്ത സ്കോറുകൾ

:ഓസ്ട്രേലിയ: ആദ്യ ഇന്നിംഗ്സ്: 152; രണ്ടാം ഇന്നിംഗ്സ്: 132
ഇംഗ്ലണ്ട്: ആദ്യ ഇന്നിംഗ്സ്: 110; രണ്ടാം ഇന്നിംഗ്സ്: 178/6

മറുപടി രേഖപ്പെടുത്തുക