എൽഡിഎഫ് യോഗത്തിൽ പങ്കെടുക്കാതെ കേരള കോൺഗ്രസ് (എം) പ്രതിനിധികൾ

ഇന്നത്തെ എൽഡിഎഫ് യോഗത്തിൽ കേരള കോൺഗ്രസ് (എം) പ്രതിനിധികൾ പങ്കെടുത്തില്ല. കേരള കോൺഗ്രസിന്റെ മുന്നണി മാറ്റം സജീവമായി ചർച്ചയാകുന്ന സാഹചര്യത്തിൽ, മുന്നണി യോഗത്തിലെ ഈ അസാന്നിധ്യം രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധേയമായി.

കേന്ദ്ര സർക്കാരിനെതിരായ സമരം തീരുമാനിക്കാനായിരുന്നു എൽഡിഎഫ് യോഗം ചേർന്നത്. വലുതും ചെറുതുമായ മിക്ക ഘടകകക്ഷികളും യോഗത്തിൽ പങ്കെടുത്തെങ്കിലും ഇടതു മുന്നണിയിലെ മൂന്നാമത്തെ വലിയ ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) യോഗത്തിൽ എത്തിയില്ല. സാധാരണയായി പാർട്ടി ചെയർമാൻ ജോസ് കെ. മാണിയോ ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജോയാണ് മുന്നണി യോഗങ്ങളിൽ പങ്കെടുക്കാറുള്ളത്. എന്നാൽ ഇരുവരും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തില്ല.

പെട്ടെന്ന് അറിയിച്ച യോഗമായതിനാലാണ് പങ്കെടുക്കാനാകാതിരുന്നതെന്നതാണ് കേരള കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാർട്ടിയുടെ മുന്നണി മാറ്റം ചർച്ചയായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് യോഗത്തിലെ അസാന്നിധ്യം ഉണ്ടായത് എന്നതിനാൽ, സംഭവം രാഷ്ട്രീയ വൃത്തങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക