ജോലിയില്‍ നിന്നും നിങ്ങളെ പിരിച്ചുവിടാന്‍ പോവുകയാണോ? ഈ സൂചനകള്‍ അവഗണിക്കരുത്; ശ്രദ്ധേയമായി പോസ്റ്റ്

പല കമ്പനികളും ഇന്ന് ആളുകളെ അധികം മുന്നറിയിപ്പുകളൊന്നും കൂടാതെ തന്നെ പിരിച്ചുവിടുന്നുണ്ട്. തന്റെ വിവാഹം കഴിഞ്ഞ് 15 -ാം ദിവസം പിരിച്ചുവിട്ടുവെന്ന് കാണിച്ച് ഒരു യുവതി ഷെയർ ചെയ്ത പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇങ്ങനെ പിരിച്ചുവിടുന്നതിന് മുമ്പ് ചില സൂചനകൾ ഒക്കെയുണ്ടാവുമെന്നും അത് അവ​ഗണിക്കരുത് എന്നുമാണ് യുവതിയുടെ പക്ഷം. 2023 -ലാണ് യുഎസ് ആസ്ഥാനമായുള്ള ടെക്‌ സ്ഥാപനമായ ക്വാൽകോം തങ്ങളെ പിരിച്ചുവിട്ടതെന്ന് റോഷ്‌നി ചെല്ലാനി എന്ന യൂസർ വെളിപ്പെടുത്തുന്നു.

ലിങ്ക്ഡ്ഇന്നിലെ തന്റെ പോസ്റ്റിൽ റോഷ്നി പറയുന്നത് ഇങ്ങനെയാണ്, ‘വിവാഹം കഴിഞ്ഞ് 15 -ാം നാൾ ക്വാൽകോമിൽ നിന്നും തന്നെ പിരിച്ചുവിട്ടു. പക്ഷേ, ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ പിരിച്ചുവിടലിലേക്കുള്ള സൂചനകൾ മുമ്പേ ഉണ്ടായിരുന്നു’.

ഒപ്പം, അത്തരത്തിലുള്ള 15 സൂചനകൾ എന്തൊക്കെയാണ് എന്നാണ് റോഷ്നി കുറിക്കുന്നത്. അതിൽ ഒന്നാമതായി അവർ പറയുന്നത്, കൂടുതൽ‌ ജോലി ചെയ്യിക്കുക എന്നതാണ്. നിങ്ങൾ പോകുന്നതിന് മുമ്പ് നിങ്ങളെ കൊണ്ട് അവർ ജോലികളെല്ലാം ചെയ്യിപ്പിക്കും എന്ന് റോഷ്നി കുറിക്കുന്നു.

പിരിച്ചുവിടുന്ന സമയത്തെ കുറിച്ചും റോഷ്നി കുറിക്കുന്നു. ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട സമയത്താണ് ഇത് നടക്കുക. തന്റെ വിവാഹം കഴിഞ്ഞ സമയം ആയിരുന്നു. പുതിയ വീട് വയ്ക്കുമ്പോഴോ, കുഞ്ഞുണ്ടാകുമ്പോഴോ ഒക്കെ ആയിരിക്കാമിത് എന്നും അവർ കുറിക്കുന്നു.

എച്ച്ആർ പറയുന്നതിന് മുമ്പുതന്നെ ​ഗോസിപ്പിന്റെ രൂപത്തിൽ നാം കാര്യങ്ങൾ അറിയും. തന്നോട് പിരിച്ചുവിടുന്നതിന് തലേദിവസം ഒരു സഹപ്രവർത്തക തന്നെ പിരിച്ചുവിടുന്നതായി പറഞ്ഞിരുന്നു, പക്ഷേ താനത് വിശ്വസിച്ചില്ല. അതുപക്ഷേ സത്യമായിരുന്നു എന്നും റോഷ്നി കുറിച്ചിരിക്കുന്നു.

ബോസിന്റെ സ്വഭാവത്തിലെ വ്യത്യാസം, മീറ്റിം​ഗുകൾ, രണ്ടുപേരെ കൊണ്ട് ഒരേ ജോലി തന്നെ ചെയ്യിക്കൽ, മുന്നറിയിപ്പുകളൊന്നും ഇല്ലാതെയുള്ള എച്ച് ആറിന്റെ സന്ദർശനം, നിങ്ങളുടെ കോംപറ്റീറ്റേഴ്സായ കമ്പനിയിലെ പിരിച്ചുവിടൽ തുടങ്ങിയവയെല്ലാം പിരിച്ചുവിടുമെന്നതിനുള്ള സൂചനകളായി മാറിയേക്കാം എന്നാണ് റോഷ്നിയുടെ അഭിപ്രായം. കമ്പനിയോടല്ല മറിച്ച് നിങ്ങളുടെ ജോലിയോടായിരിക്കണം നിങ്ങൾ വിശ്വസ്തത പുലർത്തേണ്ടത് എന്നും റോഷ്നി പറയുന്നു. പോസ്റ്റിനെ അനുകൂലിച്ച് അനേകങ്ങൾ കമന്റ് നൽകിയിട്ടുണ്ട്.

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു