റഷ്യൻ പ്രസിഡന്റ് പുടിൻ ഇന്ത്യയിൽ വന്നാൽ ഇംഗ്ലീഷിലാണോ സംസാരിക്കുന്നത്; എ.എ. റഹീമിനെ അനുകൂലിച്ച് മന്ത്രി സജി ചെറിയാൻ

ഇംഗ്ലീഷ് ഭാഷയുടെ പേരിൽ സൈബർ ആക്രമണം നേരിടുന്ന എ.എ. റഹീം എംപിയെ അനുകൂലിച്ച് മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. എല്ലാവർക്കും മനസിലാവാൻ ഇംഗ്ലീഷിൽ സംസാരിക്കുന്നതിനിടെ ചെറിയ പിഴവ് സംഭവിച്ചാൽ അതിനെ കളിയാക്കേണ്ടതില്ലെന്നും, നമ്മൾ ആരും “അമേരിക്കൻ സായിപ്പിന്റെ മക്കൾ” അല്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാഷയിലൂടെയല്ല, ജീവിതാനുഭവങ്ങളിലൂടെയാണ് ഒരാളുടെ കഴിവ് അളക്കേണ്ടതെന്ന് മന്ത്രി വ്യക്തമാക്കി. രണ്ടാം ക്ലാസ് വരെ മാത്രമേ പഠിച്ചിരുന്നുള്ളൂ എന്നിട്ടും പി. കൃഷ്ണ പിള്ളയെക്കാൾ വലിയ കമ്മ്യൂണിസ്റ്റ് മറ്റാരുമില്ലെന്നും അദ്ദേഹം ഉദാഹരണമായി പറഞ്ഞു. വ്യക്തിപരമായി ആളുകളെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും സജി ചെറിയാൻ വിമർശിച്ചു.

നമ്മുടെ നാട്ടിലെ സാധാരണക്കാരന്റെ മകനാണ് എ.എ. റഹീം എംപിയെന്നും, സംസാരിക്കുമ്പോൾ ചെറിയ തെറ്റ് വന്നാൽ അതിനെ വലിയ വിഷയമാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. മനുഷ്യന്റെ കഴിവ് ഭാഷയുടെ അടിസ്ഥാനത്തിൽ വിലയിരുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇംഗ്ലീഷ് സംസാരിക്കണമോ എന്നതിനെക്കുറിച്ചും മന്ത്രി ചോദ്യമുയർത്തി. നമ്മുടെ ഭാഷയ്ക്ക് എന്താണ് മോശമെന്നും, റഷ്യൻ പ്രസിഡന്റ് പുടിൻ ഇന്ത്യയിൽ വന്നാൽ ഇംഗ്ലീഷിലാണോ സംസാരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കർണാടകയിലോ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലോ പോയാലും മലയാളത്തിൽ സംസാരിച്ചതിന് എന്ത് പ്രശ്നമാണുള്ളതെന്നും, തന്റെ ഭാഷയാണ് തന്റെ അഭിമാനമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക