വിമുക്ത ഭടന്മാർക്ക് മതിയായ സേവനങ്ങൾ ലഭ്യമാകുന്നില്ല; കാരണം ഫണ്ടുകളുടെ അപര്യാപ്‌തത: രാഹുല്‍ ഗാന്ധി

രാജ്യത്തിനായി സേവനം അനുഷ്ഠിച്ച വിമുക്ത ഭടന്മാർക്ക് ആവശ്യമായ സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. വിവിധ സർക്കാർ വകുപ്പുകളിലേക്കുള്ള നിയമനം സാധ്യമാകുന്നില്ലെന്നും, ആരോഗ്യ ഫണ്ടുകളുടെ അപര്യാപ്തത കാരണം വിമുക്ത ഭടന്മാർക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിങ്കളാഴ്ച ചേർന്ന പാർലമെന്ററി പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. വിമുക്ത ഭടന്മാരുടെ പുനരധിവാസ പ്രവർത്തനങ്ങളും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും സംബന്ധിച്ച അവലോകനവും യോഗത്തിൽ നടന്നു.

സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്ന വിമുക്ത സൈനികർ നേരിടുന്ന ബുദ്ധിമുട്ടുകളെയും രാഹുൽ ഗാന്ധി പരാമർശിച്ചു. പണം നൽകാനാകാത്തതിനാൽ ചില സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നുവെന്നും, കാൻസർ പോലുള്ള ഗുരുതര രോഗങ്ങൾക്ക് സർക്കാരിൽ നിന്ന് അനുവദിക്കുന്ന തുക വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

കാൻസർ, വൃക്ക സംബന്ധമായ രോഗങ്ങൾ എന്നിവയ്‌ക്ക് നിലവിൽ 75,000 രൂപയാണ് അനുവദിച്ചിരിക്കുന്നതെന്നും, ഇത്ര കുറഞ്ഞ തുകകൊണ്ട് ചികിത്സാ ചെലവുകൾ കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. വിമുക്ത ഭടന്മാർക്ക് നൽകുന്ന ചികിത്സാ സഹായം അടിയന്തരമായി വർധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക