ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. 2019-ൽ എ. പത്മകുമാർ പ്രസിഡന്റായിരുന്ന കാലത്ത് ദേവസ്വം ബോർഡ് അംഗമായിരുന്നു വിജയകുമാർ. കെ.പി. ശങ്കർദാസ് ആയിരുന്നു അന്നത്തെ മറ്റൊരു അംഗം.
ഹൈക്കോടതിയിൽ നിന്നുള്ള രൂക്ഷ വിമർശനത്തെ തുടർന്നാണ് വിജയകുമാറിനോടും ശങ്കർദാസിനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്‌ഐടി ആവശ്യപ്പെട്ടത്. എന്നാൽ ഇരുവരും അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായിരുന്നില്ല.
ഇതോടെ വിജയകുമാറും ശങ്കർദാസും മുൻകൂർ ജാമ്യത്തിനായി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചു. എന്നാൽ ജാമ്യാപേക്ഷയിൽ വിധി വരുന്നതിന് മുൻപായിരുന്നു വിജയകുമാറിന്റെ അറസ്റ്റ്. സ്വർണക്കൊള്ളയിൽ അന്നത്തെ ഉദ്യോഗസ്ഥർക്കാണ് പങ്കുണ്ടായിരുന്നതെന്ന് വിജയകുമാർ വാദിച്ചിരുന്നു.
പത്മകുമാറിനെ അറസ്റ്റ് ചെയ്തതിന് ശേഷം മറ്റ് ഭരണസമിതി അംഗങ്ങൾക്കെതിരെ എസ്‌ഐടി നടപടി സ്വീകരിക്കാത്തതിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം തുടർനടപടികളുമായി മുന്നോട്ട് പോയതും വിജയകുമാറിനെ അറസ്റ്റ് ചെയ്തതും.
