79,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി നൽകി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. മൂന്ന് സേന വിഭാഗങ്ങളുടെയും നവീകരണവും സാങ്കേതിക ശക്തിവർധനവും ലക്ഷ്യമിട്ടാണ് ഈ നടപടികൾ.
ആർട്ടിലറി റെജിമെന്റുകൾക്കായി ലോയിറ്റർ മുനിഷൻ സിസ്റ്റം, ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാറുകൾ, പിനാക്ക മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റം, ഇന്ത്യൻ കരസേനയ്ക്കായുള്ള ഇന്റഗ്രേറ്റഡ് ഡ്രോൺ ഡിറ്റക്ഷൻ ആൻഡ് ഇന്റർഡിക്ഷൻ സിസ്റ്റം (MK-II) എന്നിവ വാങ്ങുന്നതിനാണ് കൗൺസിൽ അനുമതി നൽകിയത്.
തന്ത്രപ്രധാന ലക്ഷ്യങ്ങളിൽ അത്യന്തം കൃത്യതയോടെ ആക്രമണം നടത്താൻ കഴിയുന്നതാണ് ലോയിറ്റർ മുനിഷൻ സിസ്റ്റം. ശത്രുവിന്റെ താഴ്ന്ന് പറക്കുന്ന ഡ്രോണുകളെ കണ്ടെത്തി നശിപ്പിക്കാൻ ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാറുകൾക്ക് കഴിയും. ഓപ്പറേഷൻ സിന്ധൂരിനിടെ പാകിസ്ഥാൻ ഡ്രോണുകൾ വ്യാപകമായി ഉപയോഗിച്ച പശ്ചാത്തലത്തിലാണ് ഈ റഡാറുകൾ സ്വന്തമാക്കാനുള്ള തീരുമാനം.
ദീർഘദൂര ലക്ഷ്യങ്ങളെ ശക്തമായും കൃത്യമായും ആക്രമിക്കാൻ കഴിയുന്ന സംവിധാനമാണ് പിനാക്ക മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റം. ഈ ഇടപാടുകളിലൂടെ രാജ്യത്തിന്റെ പ്രതിരോധ ശേഷിയും സാങ്കേതിക മികവും ഗണ്യമായി വർധിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വിലയിരുത്തുന്നു.
