നിർണായക തെളിവുകൾ കിട്ടിയത് ഫോണിൽ നിന്ന്, ആയിഷ റഷയുടെ മരണത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്

കോഴിക്കോട്: ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലീസ്. ആണ്‍ സുഹൃത്തിന്‍റെ മാനസിക പീഡനത്തെ തുടർന്നാണ്  21കാരി ആയിഷ റഷ തൂങ്ങിമരിച്ചതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. സംഭവത്തില്‍ ആണ്‍സുഹൃത്ത് ബഷീറുദ്ദീനെ ഇന്നലെയാണ് നടക്കാവ് പൊലീസ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടുതൽ ഡിജിറ്റൽ തെളിവുകളും പരിശോധിക്കും. അറസ്റ്റിലായ ബഷീറുദ്ദീനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബഷീറുദ്ദീന്‍റെ എരഞ്ഞിപ്പാലത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആയിഷ റഷയുടെ മൊബൈല്‍ ഫോണ്‍ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ നിന്നാണ് നിര്‍ണായകമായ തെളിവുകള്‍ പൊലീസിന് കിട്ടിയത്. മൂന്നു വര്‍ഷത്തിലേറെയായി പരിചയമുള്ള ഇരുവരും തമ്മില്‍ പലപ്പോഴും പ്രശ്നങ്ങളുണ്ടായിരുന്നതായി വാസ്ട്സാപ് സന്ദേശങ്ങളില്‍ നിന്നും വ്യക്തമാണ്. തന്‍റെ മരണത്തിന് ഉത്തരവാദി ബഷീറുദ്ദീനാണെന്ന് സൂചിപ്പിക്കുന്ന വാട്സ് ആപ്പ് സന്ദേശവും പൊലീസിന് ലഭിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത ബഷീറുദ്ദീന്‍റെ ഫോണും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനക്കയക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ബഷീറുദ്ദീനെ അറസ്റ്റ് ചെയ്തത്. ആയിഷയുടെ സുഹൃത്തുക്കളുടെയടക്കം മൊഴിയെടുത്ത ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. മംഗലൂരൂവിലെ കോളേജില്‍ മൂന്നാം വര്‍ഷ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിയായ ആയിഷ റഷ കഴിഞ്ഞ മാസം 24 മുതല്‍ എരഞ്ഞിപ്പാലത്തെ വാടക വീട്ടിലുണ്ടെന്നാണ് ബഷീറുദ്ദീന്‍ പൊലീസിന് നല്‍കിയ മൊഴി. ഫിസിക്കല്‍ ട്രെയിനറായ ബഷീറുദ്ദീന്‍ ‍ഞായറാഴ്ച രാവിലെ ജിമ്മിലെ ഓണാഘോഷത്തിന് പോകുന്നത് ആയിഷ എതിര്‍ത്തു. എതിര്‍പ്പ് അവഗണിച്ച് പരിപാടിയില്‍ പോയ ശേഷം രാത്രി എട്ടരയോടെ വീട്ടിലെത്തിയപ്പോഴാണ് ആയിഷയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്നാണ് ബഷീറുദ്ദീന്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ആയിഷയുടേത് തൂങ്ങിമരണമാണെന്ന് വ്യക്തമാക്കുന്നതാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആയിഷയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു