11 വയസുകാരൻ പാൽചായ വിറ്റ് ഒറ്റമാസം കൊണ്ട് സമ്പാദിച്ചത് ഏകദേശം അരലക്ഷം രൂപ. അതേ, ചൈനയിൽ നിന്നുള്ളൊരു സ്കൂൾ വിദ്യാർത്ഥിയാണ് ഇപ്പോൾ അവിടുത്തെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. സ്കൂൾ അവധിക്കാലത്താണ് കുട്ടി ചായ ബിസിനസുമായി ഇറങ്ങിയത്. അങ്ങനെ ഒറ്റമാസം കൊണ്ടുതന്നെ അവൻ 4000 യുവാൻ സമ്പാദിച്ചു. കുട്ടിയുടെ ബിസിനസിലെ കഴിവിനെയാണ് ഇപ്പോൾ ആളുകൾ അഭിനന്ദിക്കുന്നത്. ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള കുട്ടി വേനലവധിക്കാലത്താണ് ഇവിടുത്തെ നൈറ്റ് മാർക്കറ്റിൽ ചായ വിറ്റത്.
നുവോമി എന്നാണ് കുട്ടിയുടെ പേര്. പ്രൈമറി ഫൈവ് വിദ്യാർത്ഥിയായ അവന് സ്കൂൾ പരീക്ഷകളിൽ മികച്ച വിജയം നേടിയതിനെത്തുടർന്ന് അമ്മയാണ് സ്റ്റാൾ സ്ഥാപിക്കാൻ അനുവാദം നൽകിയത്. ക്ലാസ്സിൽ ഒന്നാമതെത്തിയതിന് അവന് എന്തെങ്കിലും ഒരു സമ്മാനം നൽകണമെന്ന് തീരുമാനിച്ചിരുന്നതായും അവന്റെ അമ്മയായ ലി പറയുന്നു. പഠിക്കാനും മിടുക്കനായ അവൻ ഇംഗ്ലീഷിലും ഗണിതത്തിലും 100 മാർക്കും ചൈനീസിൽ 98 മാർക്കും നേടിയിരുന്നു.
കട തുടങ്ങുന്നതിന് മുമ്പ് അവൻ സ്വന്തമായി തന്നെ പാൽച്ചായ ഉണ്ടാക്കുന്നതിനുള്ള റെസിപ്പികളൊക്കെ പഠിച്ചു. ശേഷം രണ്ട് രാത്രി അവൻ മാർക്കറ്റിൽ പോയി എങ്ങനെയാണ് അവിടെ കച്ചവടം നടക്കുന്നത് എന്നൊക്കെ നോക്കി പഠിച്ചു. ജൂലൈ 17-നാണ് നുവോമി തൻറെ ചായക്കട തുറന്നത്. ദിവസവും വൈകുന്നേരം 6.30 മുതൽ 11 വരെയാണ് ഇത് തുറന്ന് പ്രവർത്തിച്ചിരുന്നത്. കച്ചവടം തുടങ്ങും മുമ്പ് തന്നെ, ഏറ്റവും ലാഭം കിട്ടുന്ന സ്ഥലം ഏതാണെന്ന് ഉറപ്പാക്കാൻ മാർക്കറ്റിലെ സ്ഥലങ്ങളെ കുറിച്ച് പോലും അവൻ പഠിച്ചിരുന്നു. ആദ്യ ദിവസം ആറ് കപ്പ് ചായ മാത്രമേ വിറ്റുള്ളൂവെങ്കിലും, ലി മകന്റെ ചായക്കടയെ കുറിച്ച് പോസ്റ്റിട്ടതിന് പിന്നാലെ ഒരുപാടുപേർ വരികയും കച്ചവടം കൂടുകയും ചെയ്തു.
മകന്റെ ആത്മവിശ്വാസം വളരെ അധികം വർധിക്കാൻ ഈ കട കാരണമായി. തിരക്കുള്ള ചില ദിവസങ്ങളിൽ അവന് രാത്രി ഡിന്നർ പോലും കഴിക്കാൻ സാധിച്ചിരുന്നില്ല എന്നും ലി പറയുന്നു. ചില ദിവസങ്ങളിൽ അവന്റെ മുത്തശ്ശിയും ഒരു സഹപാഠിയും അവനെ സഹായിക്കാനെത്തിയിരുന്നു. മാസം 50000 -ത്തോളം രൂപ ചായക്കടയിൽ നിന്നുമുണ്ടാക്കാൻ അവന് കഴിഞ്ഞിരുന്നു. ചിലവെല്ലാം കഴിച്ച് 40,000 ആണ് ലാഭം.