ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സർക്കാരിനെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടിലാക്കി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ വമ്പൻ സ്രാവുകളുണ്ടെന്നും, വിദേശത്തേക്കും നീളുന്ന അഴിമതി ശൃംഖല പുറത്തുകൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റുമാർ മാത്രം വിചാരിച്ചാൽ ശബരിമലയിൽ ഇത്ര വലിയ സ്വർണ്ണക്കൊള്ള നടത്താനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു. “മന്ത്രി അറിയാതെ ഇതെല്ലാം സംഭവിച്ചു എന്ന് ആര് വിശ്വസിക്കും?” എന്നും അദ്ദേഹം ചോദിച്ചു. സത്യത്തെ സ്വർണ്ണപ്പാളികൾ കൊണ്ട് മൂടിവെക്കാൻ ശ്രമിച്ചാലും അത് പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ലെങ്കിലും, കേസിന്റെ കണ്ണികൾ വിദേശത്തേക്കും വ്യാപിക്കുന്നതിനാൽ എസ്.ഐ.ടിക്ക് മാത്രം സത്യം പുറത്തുകൊണ്ടുവരാനാകില്ലെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. സി.പി.എം നേതാക്കൾ ജയിലിലേക്ക് ഘോഷയാത്രയായി പോകുന്ന സാഹചര്യമാണ് നിലനില്ക്കുന്നതെന്നും, വമ്പൻ സ്രാവുകൾ വലയിലാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
അന്വേഷണത്തിൽ ഹൈക്കോടതി തന്നെ വിമർശനം ഉന്നയിച്ചത് പ്രതിപക്ഷ ആരോപണങ്ങൾക്ക് ബലം നൽകുന്നതാണെന്നും, സർക്കാരിലെ ഉന്നതർക്ക് ഈ കൊള്ളയിൽ പങ്കുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. “അയ്യപ്പനോട് കളിച്ചാൽ ആർക്കും രക്ഷയില്ല” എന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹം പ്രതികരണം അവസാനിപ്പിച്ചത്.
