ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രേഖപ്പെടുത്തി. ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പി.എസ്. പ്രശാന്തിന്റെയും മൊഴി എസ്ഐടി എടുത്തിട്ടുണ്ട്. ശനിയാഴ്ചയാണ് ഇരുവരുടെയും മൊഴിയെടുപ്പ് നടന്നത്.
2019ൽ ദേവസ്വം മന്ത്രിയായിരുന്ന നിലയിലാണ് അന്വേഷണ സംഘം തന്നോട് കാര്യങ്ങൾ ചോദിച്ചതെന്ന് കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. തനിക്ക് അറിയാവുന്ന കാര്യങ്ങൾ എല്ലാം എസ്ഐടിയോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ്ഐടി മൊഴിയെടുത്തെന്ന വിവരം പി.എസ്. പ്രശാന്തും സ്ഥിരീകരിച്ചു. 2025ലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചതെന്നും, ദേവസ്വം ബോർഡിന്റെ തീരുമാനങ്ങൾക്കും ഉത്തരവുകൾക്കും ബന്ധപ്പെട്ട വിശദാംശങ്ങളെക്കുറിച്ചാണ് മൊഴിയെടുത്തതെന്നും പ്രശാന്ത് വ്യക്തമാക്കി.
