കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ മൂന്നാം തവണയും അധികാരത്തിൽ തുടരുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇക്കാര്യം തുറന്നുപറയാൻ തനിക്ക് മടിയോ ഭയമോ ഇല്ലെന്നും, മുഷ്ടി ചുരുട്ടി പിണറായിയുടെ പേരെടുത്ത് അദ്ദേഹം വ്യക്തമാക്കി.
അയ്യപ്പ സംഗമ പരിപാടിക്കിടെ മുഖ്യമന്ത്രിയുടെ കാറിൽ വെള്ളാപ്പള്ളി കയറിയതുമായി ബന്ധപ്പെട്ട വിവാദത്തോടും അദ്ദേഹം പ്രതികരിച്ചു. “ഞാൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിൽ എന്താണ് തെറ്റ്? ഞാൻ അയിത്ത ജാതിക്കാരനാണോ?” എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐക്കെതിരെയും വെള്ളാപ്പള്ളി രൂക്ഷ വിമർശനം ഉന്നയിച്ചു. സിപിഐയെ “ചതിയൻ ചന്തുമാർ” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, പത്ത് വർഷം കൂടെയുണ്ടായി എല്ലാം നേടിയ ശേഷം ഇപ്പോൾ തള്ളിപ്പറയുകയാണെന്ന് ആരോപിച്ചു. വിമർശനങ്ങൾ പാർട്ടിക്കുള്ളിൽ ഉന്നയിക്കേണ്ടതാണെന്നും, പുറത്തുവന്ന് ഇത്തരത്തിൽ വിമർശിക്കുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
