ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആൾക്കൂട്ട ദുരന്തത്തില്‍ മൂന്നു മാസത്തിനുശേഷം ആദ്യമായി പ്രതികരിച്ച് സൂപ്പര്‍ താരം വിരാട് കോഹ്ലി. ആരാധകരുടെ നഷ്ടം തങ്ങളുടേത് കൂടിയെന്ന് പറഞ്ഞ കോഹ്ലി ടീമിന്‍റെ ചരിത്രത്തിൽ എന്നെന്നും ഓർക്കപ്പെടേണ്ട ദിവസം ഇങ്ങനെയായി മാറിയതിൽ ദുഃഖമുണ്ടെന്നും ഇനിയങ്ങോട്ട് ആരാധകരുടെ സുരക്ഷിതത്വം എല്ലാ അർത്ഥത്തിലും ഉത്തരവാദിത്വത്തോടെ ഉറപ്പാക്കുമെന്നും ആര്‍സിബിയുടെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു. മരിച്ചവരുടെ കുടംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കചേരുന്നുവെന്നും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും കോഹ്ലി പറഞ്ഞു.
ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആള്‍ക്കൂട്ട ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കഴിഞ്ഞ ആഴ്ച സഹായധനം പ്രഖ്യാപിച്ചിരുന്നു. മരിച്ച 11 പേരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതമാണ് ആര്‍സിബി സഹായധനം പ്രഖ്യാപിച്ചത്. ജൂണ്‍ 3ന് നടന്ന ഐപിഎല്‍ ഫൈനലിന് തൊട്ടടുത്ത ദിവസം ജൂണ്‍ നാലിന് ആര്‍സിബിയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയവരാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ തിക്കിലും തിരിക്കിലും പെട്ട് മരിച്ചത്. 55 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദുരന്തത്തില്‍ പരിക്കേറ്റ ആരാധകരെ സഹായിക്കുന്നതിനായി ആര്‍സിബി ‘ആര്‍സിബി കെയേഴ്‌സ്’ എന്ന പേരില്‍ ഒരു ഫണ്ട് രൂപീകരിച്ചുവെന്നും ആര്‍സിബി വ്യക്തമാക്കിയിരുന്നു.
നീണ്ട 18 വര്‍ഷത്തെ കാത്തിരിരിപ്പിനൊടുവിലാണ് ആര്‍സിബി ഐപിഎല്ലില്‍ ആദ്യ കിരീടം നേടിയത്. എന്നാല്‍ ആള്‍ക്കൂട്ട ദുരന്തമുണ്ടായതോടെ കിരീടനേട്ടത്തിന്‍റെ തിളക്കം നഷ്ടമായെന്ന് മാത്രമല്ല ആഘോഷത്തിന് ആര്‍സിബി അനാവശ്യം തിടുക്കം കാട്ടിയതിനെതിരെ രൂക്ഷവിമര്‍ശനമുയരുകയും ചെയ്തിരുന്നു. ഐപിഎല്‍ കീരീട നേട്ടത്തിനുശേഷം ബെംഗളൂരുവിലെത്തിയ ആര്‍സിബി ടീം അംഗങ്ങള്‍ ചിന്നസ്വാമി സ്റ്റേഡിയം വരെ വിക്ടറി പരേഡ് നടത്താനായിരുന്നു ആദ്യം ആലോചിച്ചിരുന്നതെങ്കിലും പൊലീസ് അനുമതി നിഷേധിച്ചതോടെ ഇത് റദ്ദാക്കുകയായിരുന്നു. പിന്നീട് ചിന്നസ്വാമി സ്റ്റേഡിയത്തിനകത്ത് വിജയഘോഷം നടത്തി. സ്റ്റേഡിയത്തിന് അകത്തേക്ക് പാസ് വഴി മാത്രമെ പ്രവേശനം അനുവദിക്കൂ എന്ന് അറിയിച്ചിരുന്നെങ്കിലും 35000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തിലേക്ക് കയറാനായി രണ്ട് ലക്ഷത്തോളം പേര്‍ പുറത്ത് തടിച്ചുകൂടിയതോടെ പൊലീസിന് നിയന്ത്രിക്കാനായില്ല.
ഇതാണ് അപകടത്തിന് കാരണമായത്. അപകടത്തെത്തുടര്‍ന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ സുരക്ഷാപരമായ കാരണങ്ങളാല്‍ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ വനിതാ ഏകദിന ലോകകപ്പ് അടക്കമുള്ള മത്സരങ്ങള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിന് നഷ്ടമാകുകയും ചെയ്തു. സംഭവത്തില്‍ ആര്‍സിബി മാനേജ്മെന്‍റിനെതിരെ പോലീസ് നിയമനടപടികളും തുടങ്ങിയിരുന്നു.