പൗരത്വ ഭേദഗതി നിയമത്തിൽ സമയ പരിധിയില്‍ ഇളവുമായി കേന്ദ്രം; 10 വർഷത്തെ കൂടി ഇളവ്, മുസ്ലീം അല്ലാത്തവര്‍ക്ക് അര്‍ഹത

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിൽ സമയ പരിധിയില്‍ ഇളവുമായി കേന്ദ്ര സര്‍ക്കാര്‍. 2024 ഡിസംബർ 31 നകം ഇന്ത്യയിൽ എത്തിയ മുസ്ലീം ഇതര വിഭാഗങ്ങൾക്ക് രേഖകൾ ഇല്ലെങ്കിലും തങ്ങാൻ അനുമതി. ഇവരെ സിഎഎ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയേക്കും. നേരത്തെ 2014 ഡിസംബർ 31 വരെ വന്നവർക്കായിരുന്നു രാജ്യത്ത് തങ്ങാൻ അനുമതി. അതേസമയം, സിഎഎ നിയമം ഭേദ​ഗതി ചെയ്തെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് കേന്ദ്രമന്ത്രി സുകന്ത മജൂംദാർ ഡിലീറ്റ് ചെയ്തു. സിഎഎ നിയമത്തിൽ മാറ്റം വരുത്താൻ പാർലമെൻ്റിനെ സാധിക്കൂ എന്ന് തൃണമൂൽ കോൺ​ഗ്രസ്, കേന്ദ്രമന്ത്രി വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്ന് സാകേത് ​ഗോഖലെ പറഞ്ഞു. 

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് മതപരമായ പീഡനം മൂലം ഇന്ത്യയില്‍ അഭയം തേടിയ ഹിന്ദുക്കൾ, സിഖുകാർ, ജൈനർ, ക്രിസ്ത്യൻ വിഭാ​ഗക്കാർക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാകും. പൗരത്വം നേടുന്നതിനുള്ള പ്രവേശന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്ന സുപ്രധാന നീക്കമാണിത്. പൗരത്വ ഭേദഗതി നിയമം അനുസരിച്ച്, 2014 ഡിസംബര്‍ 31 നോ അതിന് മുമ്പോ ഇന്ത്യയില്‍ എത്തിയ രേഖകളില്ലാത്ത മുസ്ലീം ഇതര മതന്യൂനപക്ഷങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ പൗരത്വത്തിന് അപേക്ഷിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍, പുതിയ വിജ്ഞാപനത്തിലൂടെ ഈ കാലാവധി പത്ത് വര്‍ഷം കൂടി നീട്ടിക്കൊണ്ട് 2024 ഡിസംബര്‍ 31 ആക്കി മാറ്റിയിരിക്കുകയാണ്. 

എന്താണ് പൗരത്വ (ഭേദഗതി) നിയമം

2019-ൽ പാസാക്കിയ പൗരത്വ ഭേദ​ഗതി നിയമപ്രകാരം, അയൽരാജ്യങ്ങളിൽ മതപരമായ പീഡനം നേരിടുന്ന ആറ് ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ അനുമതി നൽകുന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യൻ വിഭാ​ഗങ്ങൾക്കാണ് പൗരത്വം ലഭിക്കുക. സിഎഎ മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള പൗരന്മാരെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. മുകളിൽ പറഞ്ഞ ആറ് രാജ്യങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളല്ലാതെ, മറ്റു വിദേശികൾക്ക് സിഎഎ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാനാകില്ല.  

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു