പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു. ഇന്നലെ രാത്രി വരെയായിരുന്നു അവസാന അവസരം. ഇതുവരെയും പാൻ–ആധാർ ലിങ്കിംഗ് പൂർത്തിയാക്കാത്തവരുടെ പാൻ കാർഡ് ഇന്ന് മുതൽ പ്രവർത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ഇതോടെ ബാങ്കിങ് ഇടപാടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക പ്രവർത്തനങ്ങൾക്കും തടസ്സമുണ്ടാകും.
സമയപരിധി കഴിഞ്ഞതിനാൽ ഇനി 1000 രൂപ പിഴ അടച്ചാൽ മാത്രമേ പാൻ–ആധാർ ബന്ധിപ്പിക്കൽ സാധ്യമാകൂ. എന്നാൽ 2024 ഒക്ടോബർ 1ന് ശേഷം പാൻ കാർഡ് ലഭിച്ചവർക്കു ഈ പിഴയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടൽ വഴി ഉപഭോക്താക്കൾക്ക് ലിങ്കിംഗ് നടപടി പൂർത്തിയാക്കാം.
അതേസമയം, ആദായനികുതി നിയമപ്രകാരം താമസക്കാരല്ലാത്ത പ്രവാസി ഇന്ത്യക്കാർ (NRI), ആധാർ നമ്പർ ഇല്ലാത്തവർ, സർക്കാർ പ്രത്യേകമായി ഒഴിവാക്കിയ വിഭാഗങ്ങൾ എന്നിവർക്ക് ഈ നിർബന്ധത്തിൽ നിന്ന് ഇളവുണ്ട്. 80 വയസ്സോ അതിലധികമോ പ്രായമുള്ള സൂപ്പർ സീനിയർ സിറ്റിസൺസിനും പാൻ–ആധാർ ലിങ്കിംഗ് നിർബന്ധമല്ല. നിലവിലുള്ള നിയമങ്ങൾ പ്രകാരം അസം, മേഘാലയ, ജമ്മു & കശ്മീർ സംസ്ഥാനങ്ങളിലെ താമസക്കാർക്കും ഇളവ് ബാധകമാണ്.
