സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി പ്രദര്‍ശത്തിനെത്തിയ ചിത്രമാണ് പരം സുന്ദരി. പരം സുന്ദരിയുടെ ഏറെ ഭാഗങ്ങളും കേരളത്തിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ ചിത്രീകരണം 45 ദിവസമായിരുന്നു നീണ്ടു നിന്നത്. ഓഗസ്റ്റ് 29ന് റിലീസ് ചെയ്‍ത ചിത്രം ഇതുവരെയായി 55 കോടി രൂപയാണ് ആഗോളതലത്തില്‍ ഗ്രോസ് നേടിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ പരം സുന്ദരിയുടെ ഓപ്പണിംഗ് കളക്ഷൻ ഇന്ത്യയില്‍ 7.25 കോടി രൂപയായിരുന്നു. ഇതുവരെയായി ഇന്ത്യയില്‍ നിന്ന് 37.1 കോടിയാണ് നെറ്റ് കളക്ഷൻ നേടിയിരിക്കുന്നത്. ഇന്ത്യയില്‍ ഗ്രോസ് കളക്ഷൻ 41.1 കോടി രൂപയുമാണ്. വിദേശത്ത് നിന്ന് മാത്രമായി 13.9 കോടിയും നേടിയാണ് ആഗോള ഗ്രോസ് കളക്ഷൻ 55 കോടി രൂപയില്‍ എത്തിനില്‍ക്കുന്നത്.
ജാൻവി കപൂറാണ് ചിത്രത്തില്‍ നായികയായി എത്തിയത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ചിത്രത്തിലെ പേര് പരം സച്ച്ദേവ് എന്നാണ്. ജാന്‍വിയുടെ കഥാപാത്രത്തിന്‍റെ പേര് “ദേഖ്പട്ട” സുന്ദരി ദാമോദരം പിള്ള എന്നുമാണ്. സിദ്ധാര്‍ഥ് മല്‍ഹോത്ര ദില്ലിക്കാരനാകുമ്പോള്‍ നായികാ കഥാപാത്രം കേരള കലാകാരിയാണ്.
തുഷാർ ജലോട്ടയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. മഡ്ഡോക്ക് ഫിലിംസിന്‍റെ ബാനറില്‍ ദിനേഷ് വിജന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പരം സുന്ദരി റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. സഞ്‍ജയ് കപൂര്‍, രണ്‍ജി പണിക്കര്‍, സിദ്ധാര്‍ഥ ശങ്കര്‍, മനോജ് സിംഗ്, അഭിഷേക് ബാനര്‍ജി, തൻവി റാം, ഗോപിക മഞ്‍ജുഷ, ആനന്ദ് മൻമഥൻ തുടങ്ങിയവരും വേഷമിട്ട ചിത്രത്തിന്റെ ഛായാഗ്രാഹണം സന്താന കൃഷ്‍ണൻ രവിചന്ദ്രനും സംഗീതം സച്ചിൻ- ജിഗാര്‍ എന്നിവരുമാണ്.