പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കാൻ ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) തയ്യാറെടുക്കുന്നു. ചൊവ്വാഴ്ച സർവകലാശാല പുറത്തിറക്കിയ കുറിപ്പിലൂടെയാണ് നടപടി സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. സർവകലാശാലകളെ വെറുപ്പിന്റെ പരീക്ഷണശാലകളാക്കി മാറ്റാൻ അനുവദിക്കില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
തിങ്കളാഴ്ച വൈകുന്നേരം ക്യാമ്പസിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് വിവാദ മുദ്രാവാക്യങ്ങൾ ഉയർന്നത്. 2020ലെ ഡൽഹി കലാപ ഗൂഢാലോചന കേസിലെ പ്രതികളായ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിനെതിരെയായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. ജെഎൻയുവിലെ മുൻ വിദ്യാർഥി നേതാക്കളായ ഇരുവരും അഞ്ച് വർഷത്തിലേറെയായി ജയിലിലാണ്.
പ്രകടനത്തിനിടെ ഭരണഘടനാ സ്ഥാപനങ്ങളെയും സുപ്രീം കോടതിയെയും പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അവഹേളിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ വിളിച്ചുവെന്നാരോപിച്ച് സർവകലാശാല ഡൽഹി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ജെഎൻയു അറിയിച്ചു.
