സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങളെയും കേരളം ശക്തമായി ചെറുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നികുതി വിഹിതം, ഗ്രാന്റുകൾ, സ്‌കീം ഫണ്ടുകൾ എന്നിവയിൽ കേന്ദ്രസർക്കാർ കേരളത്തിന്റെ വിഹിതം കുറച്ചതായും, വായ്പാ പരിധിയിൽ അന്യായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും മുഖ്യമന്ത്രി എക്സ് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിന്റെ സാമ്പത്തിക വിവേചനം മൂലം കേരളത്തിന് 57,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നും, കേന്ദ്രത്തിൽ നിന്ന് സഹായം തേടുന്നില്ല, അർഹമായി ലഭിക്കേണ്ടത് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫെഡറലിസത്തിനെതിരെയും കേരളത്തോടുള്ള സാമ്പത്തിക അവഗണനയ്‌ക്കെതിരെയും തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടന്നു. മന്ത്രി, എംഎൽഎ, എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും സമരത്തിൽ പങ്കെടുത്തു.
