‘ഹരിജൻ’, ‘ഗിരിജൻ’ പദങ്ങൾ ഔദ്യോഗിക രേഖകളിൽ നിരോധിച്ച് ഹരിയാന

ഹരിയാന സർക്കാർ ഔദ്യോഗിക രേഖകളിൽ ‘ഹരിജൻ’ ഉം ‘ഗിരിജൻ’ ഉം പദങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചു. പകരം എസ്‌.സി (SC), എസ്‌.ടി (ST) അല്ലെങ്കിൽ പട്ടികജാതി, പട്ടികവർഗം എന്നീ പദങ്ങൾ മാത്രമേ രേഖപ്പെടുത്താവൂ എന്നാണ് ഹരിയാന ചീഫ് സെക്രട്ടറി ടി.വി.എസ്.എൻ പ്രസാദ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയത്.

സർക്കാർ വകുപ്പുകൾ, ജില്ലാ ഭരണകൂടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ ഔദ്യോഗിക തലങ്ങളിലും ഈ മാറ്റം ഉടൻ പ്രാബല്യത്തിൽ വരും. മുൻപ് ഉപയോഗിച്ചിരുന്ന ഇത്തരം പദങ്ങൾ ജാതീയ അധിക്ഷേപങ്ങൾക്കും വിവേചനത്തിനും കാരണമാകുന്നുവെന്ന വ്യാപക പരാതികളാണ് നടപടി വരുത്താൻ കാരണം.

കേന്ദ്ര സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പല വകുപ്പുകളും പാലിക്കുന്നില്ലെന്ന് പുനഃപരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് ഹരിയാന സർക്കാർ കർശന നിലപാട് സ്വീകരിച്ചത്. ഔദ്യോഗിക ഇടപാടുകളിൽ ഇതുപോലുള്ള പദങ്ങൾ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, കേന്ദ്ര നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക