കെ ടി ജലീല്‍ ഇത്തവണ തവനൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കില്ല. പകരം, പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ജലീലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ആലോചനയിലാണ് സിപിഐഎം. തവനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി യുവനേതാവ് വി പി സാനുവിനെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎഫ് വലിയ വിജയം നേടിയ പശ്ചാത്തലത്തിലാണ് യുവ നേതാവിനെ മത്സരിപ്പിക്കുന്നത് വിജയത്തിന് സഹായകരമാകുമെന്ന സിപിഐഎമ്മിന്റെ വിലയിരുത്തല്‍.
നിലവില്‍ തവനൂര്‍ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളും യുഡിഎഫാണ് ഭരിക്കുന്നത്. 2020ല്‍ മൂന്ന് പഞ്ചായത്തുകളില്‍ മാത്രമായിരുന്നു യുഡിഎഫിന്റെ ഭരണം. ഈ തെരഞ്ഞെടുപ്പില്‍ അവ നിലനിര്‍ത്തുന്നതിനൊപ്പം എല്‍ഡിഎഫില്‍ നിന്ന് നാല് പഞ്ചായത്തുകള്‍ കൂടി പിടിച്ചെടുക്കാനും യുഡിഎഫിന് സാധിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിലും തവനൂരില്‍ യുഡിഎഫാണ് മുന്നിലെത്തിയത്. 18,101 വോട്ടുകളുടെ ഭൂരിപക്ഷമാണ് അന്ന് നേടിയത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫിറോസ് കുന്നുംപറമ്പിലുമായി നടന്ന ശക്തമായ മത്സരത്തില്‍ 2,564 വോട്ടുകളുടെ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് സിപിഐഎം
