ഹിജാബ് ധരിക്കാത്തതിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയ മതമൗലികവാദികൾക്ക് ശക്തമായ മറുപടിയുമായി ബിഗ് ബോസ് 3 വിജയിയും പാതി മലയാളിയുമായ നടി സന മക്ബുൾ രംഗത്തെത്തി. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ സനയ്‌ക്കെതിരെ ചില തീവ്ര ഇസ്ലാമിസ്റ്റുകൾ അശ്ലീല പരാമർശങ്ങളും ട്രോളുകളും നടത്തി ആക്രമണം നടത്തിയിരുന്നു.
സാധാരണയായി ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകാറില്ലെങ്കിലും, ഇത്തവണ വിദ്വേഷ പ്രചാരണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു സന. ഫ്രീ പ്രസ് ജേണലിനോട് സംസാരിക്കവെയാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്.
“ഒരു വ്യക്തി എന്ത് ധരിക്കുന്നു, എങ്ങനെ ധരിക്കുന്നു എന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. അതിൽ അഭിപ്രായം പറയാൻ മറ്റാർക്കും അവകാശമില്ല,” സന പറഞ്ഞു.
തുടർന്ന് വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തന്റെ നിലപാട് കൂടുതൽ വ്യക്തമായി വിശദീകരിച്ച സന, “ഞാൻ എന്ത് ധരിക്കണം, ഷോർട്ട്സോ ലോങ്സോ ധരിക്കണമോ എന്നതെല്ലാം എന്റെ ഇഷ്ടമാണ്. എന്റെ മൂത്ത സഹോദരി ഹിജാബ് ധരിക്കുന്നു, ഞാൻ ധരിക്കില്ല. അതിൽ തെറ്റെന്താണ്? ഞാൻ ബിക്കിനി ധരിച്ച് തെരുവിലിറങ്ങിയാലും അത് എന്റെ തീരുമാനമാണ്. ഹിജാബ് ധരിക്കാത്തതിന് ആളുകൾ എന്നെ ഇത്രയധികം വിലയിരുത്തുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല,” എന്നും പറഞ്ഞു.
ടെലിവിഷൻ, സിനിമ, റിയാലിറ്റി ഷോകൾ എന്നിവയിലൂടെ ശ്രദ്ധേയയായ സന മക്ബുൾ അഭിനേത്രിയും മോഡലും ഇൻഫ്ലുവൻസറുമാണ്. 1993 ജൂൺ 3ന് മുംബൈയിൽ ജനിച്ച സനയുടെ പിതാവ് മക്ബുൾ ഖാനാണ്. അമ്മ മലയാളിയാണ്. ഷാഫ നയീം ഖാൻ എന്ന മൂത്ത സഹോദരിയും സനയ്ക്കുണ്ട്.
