2003 ലെ മുത്തങ്ങ ഭൂസമരം; സി കെ ജാനു ഒന്നാം പ്രതിയായ കേസിന്റെ വിചാരണയ്ക്ക് സ്റ്റേ

2003 ലെ മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് സി.കെ. ജാനു ഒന്നാം പ്രതിയായ കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ-ഓർഡിനേറ്റർ എം. ഗീതാനന്ദൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

2003 ജനുവരി 4-നാണ് മുത്തങ്ങ വനത്തിൽ ഭൂസമരം ആരംഭിച്ചത്. സമരക്കാരെ വനത്തിൽ നിന്ന് ഒഴിപ്പിക്കുന്നതിനായി പൊലീസ് നടത്തിയ നടപടിക്കിടെ ഉണ്ടായ വെടിവെയ്പ്പിൽ ആദിവാസിയായ ചെമ്മാട് ജോഗി കൊല്ലപ്പെട്ടിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കുറ്റത്തിന് സി.കെ. ജാനു ഉൾപ്പെടെ 74 പേരാണ് കേസിൽ പ്രതികളായിരിക്കുന്നത്.

അടുത്തിടെ സി.കെ. ജാനു യു.ഡി.എഫിൽ ചേർന്നിരുന്നു. മുത്തങ്ങ സമരത്തിന്റെ ചരിത്രം താൻ മറന്നിട്ടില്ലെന്നും, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് ഒപ്പം നിന്നത് യു.ഡി.എഫാണെന്നും, മുന്നണിയിൽ നിന്ന് അർഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ജാനു പ്രതികരിച്ചിരുന്നു.

മറുപടി രേഖപ്പെടുത്തുക