തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും ഇത് ചരിത്രവിജയമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടന സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും, ജനങ്ങളുടെ ശബ്ദം കേൾക്കാൻ ആർഎസ്എസും ബിജെപിയും തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
ജനങ്ങളുടെ മേൽ സ്വന്തം ആശയങ്ങൾ അടിച്ചേൽപ്പിക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്നും, ആശയപരമായ സാംസ്കാരിക നിശബ്ദത സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്ത്യയുടെ സ്വത്തും അഭിമാനവും വളരെ കുറച്ച് ആളുകളുടെ കൈകളിലേക്ക് ചുരുക്കണമെന്ന നിലപാടാണ് അവർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലയാളികളുടെ ശബ്ദം ശക്തമായി ഉയർന്ന തെരഞ്ഞെടുപ്പായി തദ്ദേശ തെരഞ്ഞെടുപ്പ് മാറിയതായും രാഹുൽ ഗാന്ധി വിലയിരുത്തി.
കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ഉറപ്പുണ്ടെന്നും, അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്യുമെന്ന് വ്യക്തമാക്കുന്നതാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ തൊഴിലില്ലായ്മ അവസാനിപ്പിക്കാൻ സ്വീകരിക്കാവുന്ന നടപടികൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കണമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഏതൊരു സർക്കാരും വിജയകരമാകണമെങ്കിൽ ജനങ്ങൾക്ക് കൈവശമാകുന്ന തരത്തിൽ ഭരണകൂടം പ്രവർത്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഡിഎഫ് നേതൃത്വം കേരളത്തിലെ ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുമെന്നും അവരുടെ ശബ്ദം ശ്രദ്ധയോടെ കേൾക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കൊച്ചിയിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
