രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്നാരോപിച്ച് ബലാത്സംഗക്കേസിലെ പരാതിക്കാരി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. രാഹുലിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടുള്ള ഹർജിയിലാണ് യുവതി അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്ന പരാതിയിൽ രാഹുൽ നിലവിൽ റിമാൻഡിലാണെന്ന് ഹർജിയിൽ പറയുന്നു.
പാലക്കാട്ടെ ഫ്ലാറ്റിൽ വെച്ച് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തതായും, ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചുവെന്നും യുവതി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ആത്മഹത്യ ഭീഷണി മുഴക്കിയാണ് ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചതെന്നും പരാതിയിൽ ആരോപിക്കുന്നു.
തന്റെ നഗ്ന വീഡിയോകൾ രാഹുൽ ചിത്രീകരിച്ചതായും, ജാമ്യം ലഭിച്ചാൽ അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുന്നതായും യുവതി കോടതിയെ അറിയിച്ചു. ശരീരത്തിലേറ്റ മുറിവുകളുടെ ചിത്രങ്ങൾ തെളിവായി ഹാജരാക്കിയിട്ടുണ്ടെന്നും, വാട്സാപ്പ് ചാറ്റുകൾ നിർബന്ധപൂർവ്വം ഡിലീറ്റ് ചെയ്യിപ്പിച്ചതായും പരാതിക്കാരി ചൂണ്ടിക്കാട്ടി.
രാഹുൽ മാങ്കൂട്ടത്തിൽ നിരന്തര കുറ്റവാളിയാണെന്നും സമാന രീതിയിൽ പത്തോളം ഇരകൾ വേറെയുമുണ്ടെന്നുമാണ് യുവതിയുടെ ആരോപണം. ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാൽ ജാമ്യം അനുവദിച്ചാൽ തന്റെ ജീവന് ഭീഷണിയുണ്ടാകുമെന്നും, തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കോടതിയെ ബോധിപ്പിച്ചു. നിലവിൽ മൂന്ന് യുവതികൾ രാഹുലിനെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.
