മഹാരഥന്മാർ ഇരുന്ന പ്രധാനമന്ത്രി കസേരയിലിരുന്ന് പച്ചയ്ക്ക് വർഗീയത വിളിച്ചുപറയുന്നത് ആപത്കരമാണ്: വിഡി സതീശൻ

കേരളത്തിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് അജണ്ട വർഗീയത മാത്രമാണെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിലൂടെ വ്യക്തമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

വിഭജന രാഷ്ട്രീയത്തിനും വർഗീയ വിഷപ്രചാരണത്തിനും കേരളത്തിന്റെ മണ്ണിൽ ഒരു വിലയും ഉണ്ടാകില്ലെന്നും, വർഗീയ ശക്തികളെ പ്രതിരോധിക്കാനും മതേതരത്വം സംരക്ഷിക്കാനും യു.ഡി.എഫ് ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും മതേതര കാഴ്ചപ്പാടിന് നരേന്ദ്ര മോദിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തിൽ വരാനും ഔദ്യോഗികവും പാർട്ടി പരിപാടികളിലും പങ്കെടുക്കാനും എല്ലാ അവകാശവുമുണ്ടെന്ന് സതീശൻ പറഞ്ഞു. എന്നാൽ മഹാരഥന്മാർ ഇരുന്ന പ്രധാനമന്ത്രി കസേരയിൽ ഇരുന്ന് തുറന്ന വർഗീയത വിളിച്ചുപറയുന്നത് അത്യന്തം ആപത്കരമാണെന്നും, അത് ഇന്ത്യ എന്ന മഹത്തായ ആശയത്തെയും രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെയും വികലമാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വിമർശിച്ചു.

ഭരണത്തിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് പറയാൻ ഒന്നുമില്ലാത്തതിനാലാണ് പ്രധാനമന്ത്രി വർഗീയതയെ ആശ്രയിക്കുന്നതെന്നും, രാജ്യത്തിന്റെ ഭാവിയെയോ കേരളത്തിന്റെ മുൻഗണനകളെയോ കുറിച്ച് സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ലെന്നും സതീശൻ പറഞ്ഞു. പകരം വർഗീയത മാത്രമാണ് പ്രസംഗത്തിന്റെ കേന്ദ്രബിന്ദുവായതെന്നും, ഇതിലൂടെ ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും ഏക അജണ്ട വർഗീയതയാണെന്ന് തെളിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് മതേതര കേരളമാണെന്നും, വിഭജന രാഷ്ട്രീയത്തിലൂടെ മറ്റ് സംസ്ഥാനങ്ങളിൽ നേടിയ വിജയങ്ങൾ ഈ മണ്ണിൽ ആവർത്തിക്കാനാകില്ലെന്നും മോദിക്കും ബി.ജെ.പിക്കും ഉടൻ ബോധ്യമാകുമെന്ന് സതീശൻ പറഞ്ഞു.

കോൺഗ്രസിന്റെയും ലീഗിന്റെയും യു.ഡി.എഫിന്റെയും മുൻഗണനാ പട്ടികയിൽ ഒന്നാമത് മതേതരത്വം സംരക്ഷിക്കലാണെന്നും, വർഗീയ ശക്തികളെ ചെറുക്കാനും ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനും യു.ഡി.എഫ് മുൻനിരയിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏതാനും വോട്ടുകൾക്കോ ഒരു തിരഞ്ഞെടുപ്പ് ജയിക്കാനോ വേണ്ടി വർഗീയതയെ താലോലിക്കുന്ന നയം കോൺഗ്രസിനോ യു.ഡി.എഫിനോ ഇല്ലെന്നും വി.ഡി. സതീശൻ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക