കൊച്ചി: നടൻ സൗബിൻ ഷാഹിർ പ്രതിയായ മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. എറണാകുളം ഡിസിപി വിനോദ് പിള്ളയ്ക്ക് മേൽനോട്ട ചുമതല. എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ലത്തീഫ് അന്വേഷിക്കും. നിലവിൽ കേസ് അന്വേഷിക്കുന്ന സൗത്ത് എസിപി രാജ്‌കുമാറും അന്വേഷണ സംഘത്തിലുണ്ട്. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ ഡിജിപിയെ സമീപിച്ചിരുന്നു.
ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള സൗബിന്‍റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ കോടതിയുടെ നടപടി ചോദ്യം ചെയ്താണ് സൗബിന്‍ ഹൈക്കോടതിയെ സമീപിച്ചത്. പാസ്പോർട്ട് വിട്ടുനൽകണമെന്നും വിദേശത്ത് പോകാൻ അനുവദിക്കണമെന്നുമുള്ള ആവശ്യവും ഹൈക്കോടതി തള്ളിയിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലാണ് സൗബിൻ ഷാഹിറിനെ നേരത്തെ മരട് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം, മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളെ സഹായിച്ചെന്ന് ആരോപണം നേരിട്ട മരട് എസ്ഐയെ സ്ഥലം മാറ്റിയിരുന്നു. എസ്ഐ കെ കെ സജീഷിനെയാണ് എറണാകുളം വെസ്റ്റ് ട്രാഫിക് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. സൗബിൻ ഷാഹിർ ഉൾപ്പെട്ട കേസിൽ ബാങ്ക് ഇടപാടുകളുടെ പ്രധാന രേഖകൾ ഫയലിൽ നിന്നെടുത്തു മാറ്റിയതിനാണ് നടപടി. കേസിന്‍റെ പുരോഗതി വിലയിരുത്താൻ ഫയൽ വിളിച്ചുവരുത്തി ഡിസിപി പരിശോധന നടത്തിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്.