ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; ഒരു കപ്പലും കടത്തിവിടില്ല , സംഘർഷം കടുക്കുന്നു

അമേരിക്കൻ ആക്രമണങ്ങൾക്ക് പിന്നാലെ ഹോർമുസ് കടലിടുക്കിൽ വീണ്ടും കർശന നിയന്ത്രണം ഏർപ്പെടുത്തി ഇറാൻ. ഹോർമുസ് പൂർണമായും അടച്ചതായും എല്ലാ തരത്തിലുള്ള കപ്പൽ ഗതാഗതത്തിനും വിലക്ക് ഏർപ്പെടുത്തിയതായും ഇറാന്റെ സൈനിക നേതൃത്വം അറിയിച്ചു.

ഹോർമുസിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും നിലവിൽ ഒരു വിഭാഗം കപ്പലുകൾക്കും കടന്നുപോകാൻ അനുമതിയില്ലെന്നും ഖതം അൽ അൻബിയ കമാൻഡ് വ്യക്തമാക്കി. വെടിനിർത്തൽ കരാർ അമേരിക്കൻ സൈന്യം തുടർച്ചയായി ലംഘിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടരുമെന്നും പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹോർമുസ് വഴിയുള്ള ഗതാഗതം സാധ്യമാകില്ലെന്നും ഐആർജിസി അറിയിച്ചു.

നിരോധനം ലംഘിക്കുന്ന കപ്പലുകൾക്കെതിരെ ആക്രമണം നടത്തുമെന്നും ഐആർജിസി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ഹോർമുസിന് സമീപം അമേരിക്ക നടത്തിയ സൈനിക നടപടികൾക്ക് പിന്നാലെയാണ് ഇറാൻ ഈ തീരുമാനം സ്വീകരിച്ചത്.

അതേസമയം, അമേരിക്കൻ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ബഹ്റൈനിലെയും കുവൈത്തിലെയും അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തിരിച്ചടിയെന്നാണ് വിവരം.

മറുപടി രേഖപ്പെടുത്തുക