വിലകൂടിയ ആപ്പിൾ ഐഫോൺ ഓർഡർ ചെയ്ത ഉപഭോക്താവിന് പകരം താടി വളർച്ചാ എണ്ണ ലഭിച്ച സംഭവത്തിൽ ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാർട്ടിനും അതിന്റെ പ്ലാറ്റ്‌ഫോമിലെ വിൽപ്പനക്കാരനുമെതിരെ മുംബൈ ഉപഭോക്തൃ ഫോറത്തിന്റെ കടുത്ത നടപടി. ഉപഭോക്താവിന് നൽകിയ തുക തിരികെ നൽകുന്നതിനൊപ്പം 70,000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് ഫോറം ഉത്തരവിട്ടു.
മുംബൈയിലെ പവായ് സ്വദേശിയായ ഉപഭോക്താവ് 2023 ഏപ്രിൽ 22-നാണ് ഫ്ലിപ്കാർട്ടിലൂടെ 1,11,793 രൂപ വിലയുള്ള ആപ്പിൾ ഐഫോൺ 14 പ്രോ (128 ജിബി) ഓർഡർ ചെയ്തത്. നോ-കോസ്റ്റ് ഇഎംഐ പദ്ധതിയിലായിരുന്നു വാങ്ങൽ. എന്നാൽ അടുത്ത ദിവസം ലഭിച്ച പാഴ്‌സൽ തുറന്നപ്പോൾ ഫോണിന് പകരം താടി വളർച്ചാ എണ്ണയുടെ ഒരു കുപ്പിയും പാക്കിംഗ് സാമഗ്രികളുമാണ് കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ ഉപഭോക്താവ് ഫ്ലിപ്കാർട്ടിന്റെ കസ്റ്റമർ സപ്പോർട്ടുമായി ബന്ധപ്പെടുകയും ആവശ്യമായ തെളിവുകൾ കൈമാറുകയും ചെയ്തു. എന്നിരുന്നാലും, നിരവധി തവണ പരാതി നൽകിയിട്ടും പ്രശ്നത്തിന് പരിഹാരം കാണാനായില്ല. മറിച്ച്, പരാതി പരിഹരിച്ചുവെന്ന് രേഖപ്പെടുത്തി കേസ് അവസാനിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം.
തുടർന്നാണ് ഉപഭോക്താവ് മുംബൈ സബർബൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചത്. കേസ് പരിഗണിച്ച കമ്മീഷൻ ഫ്ലിപ്കാർട്ടിന്റെയും വിൽപ്പനക്കാരനായ ഇന്റർനാഷണൽ വാല്യു റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡിന്റെയും ഭാഗത്ത് ഗുരുതരമായ സേവന വീഴ്ച ഉണ്ടായതായി കണ്ടെത്തി.
ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ പണം സ്വീകരിച്ച ശേഷം ഉപഭോക്താവിന് ഓർഡർ ചെയ്ത ഉൽപ്പന്നം സുരക്ഷിതമായി കൈമാറേണ്ട ഉത്തരവാദിത്തം കമ്പനിക്കുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. തെറ്റ് സംഭവിച്ചിട്ടും പരാതി അന്വേഷിക്കാനോ തെറ്റായി അയച്ച ഉൽപ്പന്നം തിരികെ വാങ്ങാനോ റീഫണ്ട് നൽകാനോ പകരം ഉൽപ്പന്നം നൽകാനോ തയ്യാറാകാത്തത് ‘അന്യായ വ്യാപാര രീതി’യാണെന്നും ഫോറം നിരീക്ഷിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ, ഉപഭോക്താവിൽ നിന്ന് ഈടാക്കിയ 1,11,793 രൂപ ഓർഡർ ചെയ്ത തീയതി മുതൽ വാർഷിക 9 ശതമാനം പലിശ സഹിതം തിരികെ നൽകാൻ ഫ്ലിപ്കാർട്ടിനും വിൽപ്പനക്കാരനും നിർദേശം നൽകി. കൂടാതെ മാനസിക പീഡനത്തിനും ബുദ്ധിമുട്ടുകൾക്കും നഷ്ടപരിഹാരമായി 50,000 രൂപയും കേസ് ചെലവിനായി 20,000 രൂപയും നൽകാനും ഉത്തരവിട്ടു.
അതേസമയം, കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന ആപ്പിൾ ഇന്ത്യ ഡെലിവറി നടപടികളിൽ തങ്ങൾക്ക് പങ്കില്ലെന്നും അംഗീകൃത ഡീലർമാർക്ക് മാത്രമാണ് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതെന്നുമാണ് വാദിച്ചത്. ഈ വിശദീകരണം അംഗീകരിച്ച ഫോറം ആപ്പിൾ ഇന്ത്യക്കെതിരായ പരാതി തള്ളുകയായിരുന്നു.
ഓൺലൈൻ ഷോപ്പിംഗുമായി ബന്ധപ്പെട്ട ഉപഭോക്തൃ അവകാശങ്ങൾ വീണ്ടും ചർച്ചയാകുന്ന സാഹചര്യത്തിൽ, ഇ-കൊമേഴ്‌സ് കമ്പനികളുടെ ഉത്തരവാദിത്തം ഓർമ്മിപ്പിക്കുന്ന വിധിയായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.
