ദില്ലി സർക്കാരിന്റെ യുവശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന ജൻ കൗശൽ കേന്ദ്രയുടെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. മോട്ടി നഗറിലെ ജൻ കൗശൽ കേന്ദ്രയുടെ ബ്രാൻഡ് അംബാസഡറായാണ് സഞ്ജുവിനെ നിയമിച്ചിരിക്കുന്നത്. ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത സഞ്ജുവിനെ സന്ദർശിച്ച് പുതിയ ചുമതലയിൽ അഭിനന്ദിച്ചതായും റിപ്പോർട്ടുകളുണ്ട്.
യുവാക്കൾക്ക് നൈപുണ്യ വികസനം, തൊഴിൽ സാധ്യതകൾ, സ്വയംപര്യാപ്തത എന്നിവയിലേക്ക് പ്രചോദനം നൽകുകയാണ് സഞ്ജുവിന്റെ പുതിയ ചുമതലയുടെ ലക്ഷ്യമെന്ന് ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത വ്യക്തമാക്കി. ദില്ലിയുമായി സഞ്ജുവിന് പ്രത്യേക ബന്ധമുണ്ടെന്നും ചെറുപ്പകാലത്ത് ഇവിടെ ചെലവഴിച്ചിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ദില്ലിയിലെ മോട്ടി നഗറിൽ ആഗസ്റ്റ് 20ന് ജൻ കൗശൽ കേന്ദ്ര ഉദ്ഘാടനം ചെയ്തിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളിൽ പരിശീലനം നൽകുന്നതിനും മാറിവരുന്ന തൊഴിൽ, സംരംഭകത്വ സാധ്യതകൾക്കായി യുവാക്കളെ തയ്യാറാക്കുന്നതിനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
AI, ഡിജിറ്റൽ നൈപുണ്യം, തൊഴിൽ പരിശീലനം, സംരംഭകത്വം, ഭാവി തൊഴിൽ മേഖലകൾ എന്നിവയുമായി ബന്ധപ്പെട്ട പരിശീലനങ്ങളാണ് ജൻ കൗശൽ കേന്ദ്രയിൽ പ്രധാനമായും ലക്ഷ്യമിടുന്നത്. മൂന്ന് മാസത്തെ സർട്ടിഫൈഡ് AI കോഴ്സും പ്രായോഗിക ഡിജിറ്റൽ പരിശീലനവും ഉൾപ്പെടെയുള്ള പരിപാടികൾ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് പദ്ധതിയുടെ പരിശീലന പങ്കാളിയായ IACT Education അറിയിച്ചു.
സഞ്ജു സാംസൺ ദില്ലിയിൽ ചെലവഴിച്ചിരുന്ന കാലവും ക്രിക്കറ്റിലെ വളർച്ചയും കണക്കിലെടുത്ത് യുവാക്കളുമായി കൂടുതൽ അടുപ്പമുള്ള പ്രചാരണ മുഖമായി അദ്ദേഹത്തെ അവതരിപ്പിക്കാനാണ് തീരുമാനം. യുവാക്കൾക്ക് നൈപുണ്യവും പുതിയ സാങ്കേതികവിദ്യകളിലെ അറിവും തൊഴിൽ സാധ്യതകളും പരിചയപ്പെടുത്തുന്നതിൽ സഞ്ജുവിന്റെ പങ്കാളിത്തം ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
