ഇന്ത്യൻ ബാഡ്മിന്റണിൽ പുതിയ താരോദയം; 2028 ഒളിമ്പിക്സിലേക്ക് നാല് യുവതാരങ്ങളെ തിരഞ്ഞെടുത്ത് സിന്ധു

ഇന്ത്യൻ വനിതാ ബാഡ്മിന്റണിന്റെ ഭാവി ശോഭനമാണെന്നും 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ വനിതാ സിംഗിൾസിൽ ഇന്ത്യയ്ക്ക് രണ്ട് താരങ്ങളുണ്ടാകുമെന്ന പ്രതീക്ഷ പങ്കുവെച്ചും ഇരട്ട ഒളിമ്പിക് മെഡൽ ജേതാവ് പി.വി. സിന്ധു. ലോക റാങ്കിങ്ങിലെ ആദ്യ 20 സ്ഥാനങ്ങളിൽ ഇടംപിടിച്ച് സ്ഥിരതയോടെ മുന്നേറാൻ കഴിയുമെന്ന് കരുതുന്ന നാല് യുവതാരങ്ങളെയും സിന്ധു തിരഞ്ഞെടുത്തു. തൻവി ശർമ, അൻമോൾ ഖർബ്, ഉന്നതി ഹൂഡ, രക്ഷിത രാംരാജ് എന്നിവരാണ് സിന്ധുവിന്റെ പട്ടികയിലുള്ളത്.

നിലവിൽ നടക്കുന്ന കൊറിയ ഓപ്പണിലെ തൻവി ശർമയുടെ ആദ്യ റൗണ്ട് വിജയത്തിന് പിന്നാലെ സമൂഹമാധ്യമമായ എക്സിലൂടെയാണ് സിന്ധു തന്റെ നിരീക്ഷണം പങ്കുവെച്ചത്. സാങ്കേതിക മികവ്, മികച്ച കോർട്ട് സെൻസ്, ആവേശകരമായ കളിശൈലി എന്നിവയാണ് തൻവിയുടെ പ്രധാന കരുത്തുകളെന്ന് സിന്ധു അഭിപ്രായപ്പെട്ടു. ഈ വർഷം തായ്‌പേയ് ഓപ്പൺ സൂപ്പർ 300 കിരീടം നേടിയ തൻവി, ഡെൻമാർക്ക് ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലുമെത്തിയിരുന്നു.

ഹൈലോ ഓപ്പൺ സെമിഫൈനലിൽ താൻ നേരിട്ട അൻമോൾ ഖർബിന്റെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് സിന്ധു പറഞ്ഞു. മികച്ച ഷോട്ടുകളും എതിരാളിയെ കബളിപ്പിക്കാനുള്ള മികവും അൻമോളുടെ പ്രത്യേകതകളാണ്. എന്നാൽ ഫുട്‌വർക്ക്, കളിക്കളത്തിലെ വീണ്ടെടുപ്പ്, സ്ഥിരത എന്നിവ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും പരിശീലകരുടെ നിർദേശങ്ങൾ കൂടുതൽ ഉൾക്കൊള്ളണമെന്നും സിന്ധു ചൂണ്ടിക്കാട്ടി. ഉന്നതി ഹൂഡയ്ക്ക് സാങ്കേതികമായ ചില മാറ്റങ്ങൾ ആവശ്യമാണെന്നും രക്ഷിത രാംരാജ് മാനസികമായ പോരാട്ടങ്ങളിൽ കൂടുതൽ മികവ് പുലർത്തണമെന്നും സിന്ധു വിലയിരുത്തി.

സിന്ധു തിരഞ്ഞെടുത്ത താരങ്ങളിൽ തൻവി ശർമ ലോക റാങ്കിങ്ങിൽ 21-ാം സ്ഥാനത്തും ഉന്നതി ഹൂഡ 20-ാം സ്ഥാനത്തുമാണ്. അൻമോൾ ഖർബ് 45-ാം സ്ഥാനത്തും രക്ഷിത രാംരാജ് 47-ാം സ്ഥാനത്തുമാണ്. യുവ ഒളിമ്പിക്സിൽ വനിതാ സിംഗിൾസ് സെമിഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ താരമായ തൻവി പാത്രിയെയും സിന്ധു പ്രത്യേകം പരാമർശിച്ചു. ശാരീരികക്ഷമതയും കരുത്തും വർധിപ്പിച്ചാൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ തൻവിക്ക് കഴിയുമെന്നാണ് സിന്ധുവിന്റെ പ്രതീക്ഷ.

2016ലെ റിയോ ഒളിമ്പിക്സിലാണ് വനിതാ സിംഗിൾസിൽ ഇന്ത്യ അവസാനമായി രണ്ട് താരങ്ങളെ പങ്കെടുപ്പിച്ചത്. അന്ന് സിന്ധു വെള്ളിയും സൈന നെഹ്‌വാൾ പങ്കാളിത്തവും ഉറപ്പാക്കിയിരുന്നു. 2024ലെ പാരീസ് ഒളിമ്പിക്സിൽ വനിതാ സിംഗിൾസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് സിന്ധു മാത്രമായിരുന്നു. 2028ൽ വീണ്ടും രണ്ട് ഇന്ത്യൻ താരങ്ങൾ ഈ ഇനത്തിൽ മത്സരിക്കുമെന്നാണ് സിന്ധുവിന്റെ പ്രതീക്ഷ.

മറുപടി രേഖപ്പെടുത്തുക