മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കുറ്റപത്രം സമർപ്പിക്കുന്നതുൾപ്പെടെയുള്ള തുടർനടപടികളുമായി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.
പ്രതികൾ സ്വകാര്യ സ്ഥാപനത്തിന്റെ ഭാഗമായതിനാൽ വിചാരണയ്ക്ക് പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന സർക്കാർ നിലപാടാണ് കോടതി അംഗീകരിച്ചത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ എന്നിവരടക്കമുള്ളവരാണ് കേസിലെ പ്രതികൾ.
പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതോടെ കേസിൽ കുറ്റപത്രം ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകാൻ എസ്.ഐ.ടിക്ക് വഴിതെളിഞ്ഞു.
