മോഹൻലാലിന്റെ നായികയ്ക്ക് മറ്റൊരു മുഖം; താൻ കവയിത്രിയെന്ന് വെളിപ്പെടുത്തി ഭാഗ്യശ്രീ ബോർസെ

മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ഓപ്പറേഷൻ ഗംഗ’യിലെ നായിക ഭാഗ്യശ്രീ ബോർസെയ്ക്ക് മറ്റൊരു കഴിവുകൂടിയുണ്ട്. താൻ കവിതകൾ എഴുതാറുണ്ടെന്നും സുഹൃത്തുക്കൾക്കിടയിൽ അഭിമാനത്തോടെ കവയിത്രിയെന്ന് വിശേഷിപ്പിക്കാറുണ്ടെന്നും താരം വെളിപ്പെടുത്തി. ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ സ്വകാര്യ ഇഷ്ടത്തെക്കുറിച്ച് ഭാഗ്യശ്രീ ആരാധകരോട് പങ്കുവച്ചത്.

ജീവിതത്തിലെ പ്രയാസകരമായ ഘട്ടങ്ങളിലൂടെയാണ് കവിതയെഴുത്തിനോടുള്ള താൽപര്യം വളർന്നതെന്ന് താരം കുറിച്ചു. എഴുതുന്നത് മനസ്സിന് ആശ്വാസവും കൂടുതൽ വ്യക്തതയും നൽകിയെന്നും ജീവിതത്തിലെ സൗന്ദര്യം തിരിച്ചറിയാൻ സഹായിച്ചെന്നും ഭാഗ്യശ്രീ പറഞ്ഞു. തന്റെ ജീവിതത്തിലെ പല കാര്യങ്ങളും പൊതുവേദിയിൽ പങ്കുവയ്ക്കാറുണ്ടെങ്കിലും കവിതകൾ അതിൽനിന്ന് വ്യത്യസ്തമാണെന്നും അവ എഴുതുമ്പോൾ ലോകത്തെ മറന്ന് മനസ്സിന്റെ ശബ്ദം കേൾക്കാനാണ് ആഗ്രഹമെന്നും താരം വ്യക്തമാക്കി. ഒരുപക്ഷേ ഒരിക്കൽ തന്റെ കവിതകൾ ആരാധകരുമായി പങ്കുവയ്ക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

അടുത്തിടെ ഉഗാണ്ടയിലെ പ്രശസ്ത നൃത്തസംഘമായ ‘ഘെട്ടോ കിഡ്‌സി’നൊപ്പമുള്ള നൃത്തവീഡിയോയും ഭാഗ്യശ്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. തന്റെ തെലുങ്ക് ചിത്രം ‘മിസ്റ്റർ ബച്ചനി’ലെ ‘നല്ലഞ്ചു തെള്ളച്ചീര’ എന്ന ഗാനത്തിനാണ് കുട്ടികൾക്കൊപ്പം താരം ചുവടുവച്ചത്. ‘ഈ കുട്ടികൾ എന്റെ ഹൃദയം കവർന്നു’ എന്ന കുറിപ്പിനൊപ്പം ‘ഓപ്പറേഷൻ ഗംഗ’ എന്ന ഹാഷ്‌ടാഗും ചേർത്തിരുന്നു. ഘെട്ടോ കിഡ്‌സ് ‘ഓപ്പറേഷൻ ഗംഗ’യുടെ ഭാഗമാകുമെന്ന് മോഹൻലാലും നേരത്തെ അറിയിച്ചിരുന്നു.

ദേശീയ പുരസ്കാര ജേതാവായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആദ്യം താൽക്കാലികമായി നൽകിയിരുന്ന പേര് എൽ367 എന്നായിരുന്നു. പിന്നീട് ‘ഓപ്പറേഷൻ ഗംഗ’ എന്ന് പേരുമാറ്റി. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനെത്തുടർന്ന് യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെയും വിദ്യാർഥികളെയും നാട്ടിലെത്തിക്കാൻ ഇന്ത്യ നടത്തിയ രക്ഷാദൗത്യത്തിന്റെ പേരാണ് സിനിമയ്ക്ക് നൽകിയിരിക്കുന്നത്. ‘എ നേഷൻസ് പ്രോമിസ്’ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം ഒരുങ്ങുന്നത്.

മോഹൻലാലിനും ഭാഗ്യശ്രീ ബോർസെയ്ക്കും പുറമെ ബോളിവുഡ് താരം അർജുൻ രാംപാൽ, പാർഥിപൻ, ആദിൽ ഹുസൈൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ‘മേപ്പടിയാൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഷ്ണു മോഹന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഓപ്പറേഷൻ ഗംഗ’ ഒരു അന്താരാഷ്ട്ര രക്ഷാദൗത്യത്തിന്റെ പശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലറാണ്.

മറുപടി രേഖപ്പെടുത്തുക