‘ആക്ഷൻ കിങ്’ അർജുൻ സർജ കേന്ദ്രകഥാപാത്രമായെത്തിയ ‘ബ്ലാസ്റ്റ്’ തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ തരംഗമായി മുന്നേറുകയാണ്. ചിത്രത്തിൽ അർജുനൊപ്പം തന്നെ തകർപ്പൻ ആക്ഷൻ രംഗങ്ങളിലൂടെ കയ്യടി നേടുന്നത് നായികമാരായ അഭിരാമിയും പ്രീതി മുകുന്ദനുമാണ്. മികച്ച മൗത്ത് പബ്ലിസിറ്റിയുടെ കരുത്തിൽ കേരളത്തിലും വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അർജുൻ, അഭിരാമി, പ്രീതി എന്നിവരടങ്ങുന്ന താരനിര കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു.
വാർത്താ സമ്മേളനത്തിനിടെ സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും ആക്ഷൻ രംഗങ്ങളെക്കുറിച്ചും അഭിരാമി പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
ജീവിതത്തിൽ താൻ തികച്ചും സമാധാനപ്രിയയാണെന്നും എന്നാൽ തന്റെ മകളുടെ സുരക്ഷയെ ബാധിക്കുന്ന ഒരു സാഹചര്യം വന്നാൽ താൻ മാറും എന്നുമാണ് അഭിരാമി പറയുന്നത്. “ഞാൻ പൊതുവെ ജീവിതത്തിൽ സമാധാനം ഇഷ്ടപ്പെടുന്ന ഒരാളാണ്. പക്ഷേ, എന്റെ മകൾക്ക് എന്തെങ്കിലും അപകടം വരുമ്പോൾ എന്നെക്കാൾ അപകടകരമായ മറ്റൊന്നുമില്ല. ഞാൻ അവരെ തീർക്കും, അതിൽ ഒരു സംശയവുമില്ല. അതുതന്നെയാണ് ഈ സിനിമയിലെയും വികാരം.”
തന്റെ ജീവിതത്തിൽ ഇതുവരെ ഒരു മനുഷ്യനെപ്പോലും കൈനീട്ടി അടിച്ചിട്ടില്ലെന്നും, എന്നാൽ ഇനി വേണമെങ്കിൽ ചെയ്യാൻ കെൽപ്പുള്ള ട്രെയിനിങ് ഈ സിനിമയ്ക്ക് വേണ്ടി താൻ നേടിയിട്ടുണ്ടെന്നും താരം തമാശരൂപേണ കൂട്ടിച്ചേർത്തു.
ചിത്രത്തിൽ സാരിയുടുത്തുക്കൊണ്ടുള്ള തന്റെ ആക്ഷൻ രംഗങ്ങളെക്കുറിച്ചും അഭിരാമി മനസ്സ് തുറന്നു. സാരിയുടുത്ത് ഫൈറ്റ് ചെയ്യുമ്പോൾ കിട്ടുന്ന ആ ഒരു ‘ഫയർ’ വേറെ ഒന്നിനും കിട്ടില്ലെന്നും, ദേവിയുടെ ഒരു രൗദ്രഭാവം ഒക്കെ അതിൽ വരുമെന്നുമാണ് താരം വിശേഷിപ്പിച്ചത്. സ്ക്രീനിൽ അഭിരാമിയുടെ ഈ മാസ്സ് പ്രകടനത്തിന് മികച്ച തിയേറ്റർ റെസ്പോൺസാണ് ലഭിക്കുന്നത്.
സുഭാഷ് കെ. രാജ് സംവിധാനം ചെയ്ത ഈ ആക്ഷൻ ത്രില്ലർ ചിത്രം എ.ജി.എസ് എന്റർടെയ്ൻമെന്റാണ് നിർമ്മിച്ചിരിക്കുന്നത്. കെ.ജി.എഫ് ഫെയിം രവി ബസ്റൂർ സംഗീതം നൽകിയ ചിത്രം നിലവിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്.
