ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ വിയോജിപ്പ് രേഖപ്പെടുത്തി നടൻ ചന്തു സലിംകുമാർ. ചലച്ചിത്ര പുരസ്കാരങ്ങൾ സർക്കാരുകളേക്കാൾ കാലം നിലനിൽക്കേണ്ടവയാണെന്നും, അവ രാഷ്ട്രീയ താൽപര്യങ്ങൾക്കല്ല, കലാപരമായ മികവിന്റെ അംഗീകാരമായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ചന്തുവിന്റെ പ്രതികരണം. ഭാവിയിൽ ഇന്ത്യൻ സിനിമയുടെ ചരിത്രം പഠിക്കുന്നവർ ദേശീയ പുരസ്കാര ജേതാക്കളുടെ പട്ടിക പരിശോധിക്കുമെന്നും, അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളല്ല, സിനിമയുടെ നിലവാരമാണ് അവർ വിലയിരുത്തുകയെന്നും അദ്ദേഹം കുറിച്ചു.
മികച്ച ചിത്രങ്ങൾ അവഗണിക്കപ്പെടുകയും സാധാരണ നിലവാരത്തിലുള്ള ചിത്രങ്ങൾക്ക് അംഗീകാരം ലഭിക്കുകയും ചെയ്താൽ അതിന്റെ കാരണം ഭാവിതലമുറ ചോദിക്കുമെന്നും, പുരസ്കാരങ്ങളെക്കുറിച്ചുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ ചരിത്രം അവയെ കലാപരമായ നേട്ടങ്ങളായി അല്ല, അധികാര സ്വാധീനത്തിന്റെ ഫലമായി വിലയിരുത്തുമെന്നും ചന്തു അഭിപ്രായപ്പെട്ടു.
“ട്രോഫികൾ നിലനിൽക്കും, എന്നാൽ അത് എങ്ങനെ ലഭിച്ചു എന്ന ചോദ്യവും നിലനിൽക്കും. പുരസ്കാരങ്ങൾ രാഷ്ട്രീയ സൗകര്യത്തിനല്ല, കലാപരമായ മികവിന്റെ തെളിവായിരിക്കണം” എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
ചന്തുവിന്റെ പ്രതികരണത്തിന് പിന്നാലെ നിരവധി പേർ പിന്തുണയുമായി രംഗത്തെത്തി. 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ നിരൂപക പ്രശംസ നേടിയ മലയാള ചിത്രങ്ങളായ ‘മഞ്ഞുമ്മൽ ബോയ്സ്’, ‘കിഷ്കിന്ധാ കാണ്ഡം’ എന്നിവയ്ക്ക് അംഗീകാരം ലഭിക്കാത്തത് സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയായിരുന്നു.
മികച്ച ചിത്രം, കഥ, തിരക്കഥ, സംവിധാനം തുടങ്ങിയ വിഭാഗങ്ങളിൽ ശക്തമായ മത്സരാർത്ഥികളായി വിലയിരുത്തപ്പെട്ട ഈ ചിത്രങ്ങൾ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രങ്ങൾക്ക് പുരസ്കാരം ലഭിക്കാത്തതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്.
