ചൊവ്വയിൽ അന്യഗ്രഹ ജീവികളല്ല, ഭൂമിയിലെ ബാക്ടീരിയകളാകാം വെല്ലുവിളി: പഠനം

ചൊവ്വയിലേക്കുള്ള മനുഷ്യദൗത്യങ്ങൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ, ഭൂമിയിൽ നിന്ന് ബഹിരാകാശയാത്രികർക്കൊപ്പം പോകുന്ന സൂക്ഷ്മാണുക്കൾ തന്നെ ഭാവിയിൽ വലിയ ആരോഗ്യവെല്ലുവിളിയാകാമെന്ന് പുതിയ പഠനം. ചൊവ്വയിലെ അതികഠിനമായ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്ന ചില ബാക്ടീരിയകൾ കൂടുതൽ വിഷലിപ്തമാകാനും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുമുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

സ്കോട്ട്ലൻഡിലെ എഡിൻബർഗ് സർവകലാശാലയിലെ ശാസ്ത്രജ്ഞൻ ടോമാസോ സക്കറിയയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ, മനുഷ്യരിൽ അണുബാധയുണ്ടാക്കുന്ന നാല് തരം ബാക്ടീരിയകളെ ചൊവ്വയുടേതിന് സമാനമായ കൃത്രിമ അന്തരീക്ഷത്തിൽ പരീക്ഷിച്ചു. തീവ്രമായ അൾട്രാവയലറ്റ് വികിരണം, കുറഞ്ഞ വായുമർദ്ദം, അതിശൈത്യം, പെർക്ലോറേറ്റ് ലവണങ്ങൾ എന്നിവയുടെ സ്വാധീനമാണ് പരിശോധിച്ചത്.

മിക്ക ബാക്ടീരിയകളും മണിക്കൂറുകൾക്കകം നശിച്ചെങ്കിലും ചിലത് രണ്ടാഴ്ചയിലേറെ അതിജീവിച്ചതായി പഠനത്തിൽ കണ്ടെത്തി. ബഹിരാകാശയാത്രികരുടെ ആവാസകേന്ദ്രങ്ങളിൽ പ്രവേശിച്ചാൽ ഇവ വേഗത്തിൽ വളരാനും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനുമുള്ള സാധ്യതയുണ്ടെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, ചൊവ്വയിൽ അന്യഗ്രഹ സൂക്ഷ്മാണുക്കൾ ഉണ്ടെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ലെന്നും, ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾ സുരക്ഷിതമാക്കാൻ ഇത്തരം അപകടസാധ്യതകളെക്കുറിച്ചുള്ള ഗവേഷണം നിർണായകമാണെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക